ഇനി പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം നല്‍കേണ്ട; തീരുമാനം പിന്‍വലിച്ചു

Share our post

പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇരുപത് രൂപ അധികം ഈടാക്കുന്നത് ബവ്കോ പിൻവലിച്ചു. പരീക്ഷണ പദ്ധതി ഫലപ്രദമല്ലെന്നും മദ്യ ഉപഭോക്താക്കളിൽ നിന്നും വ്യാപക പരാതിയുണ്ടായെന്നും ബവ്കോ. നാളെ മുതൽ അധികനിരക്ക് നൽകാതെ മദ്യം വാങ്ങാം. നേരത്തെ വാങ്ങിയ കുപ്പികൾ ഈമാസം ഇരുപത് വരെ തിരിച്ചേൽപ്പിക്കാമെന്നും ബവ്കോ അറിയിച്ചു

പ്ലാസ്റ്റിക് നിർമാർജനമെന്ന മട്ടിലുള്ള ബവ്കോ പരീക്ഷണം ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ പ്ലാസ്റ്റിക് ഗോഡൗണാക്കുന്ന സ്ഥിതിയെത്തിച്ചു. ഒടുവിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പത്ത് വീതം കടകളിൽ നടപ്പാക്കിയ പദ്ധതി പിൻവലിച്ച് ഉത്തരവ്. പ്ലാസ്റ്റിക് ബോട്ടിലുകളിലെ മദ്യത്തിന് 20 രൂപ അധികം നൽകേണ്ട. നേരത്തെ 20 രൂപ അധികം നൽകി മദ്യം വാങ്ങിയവർക്ക് ഈ മാസം ഇരുപത് വരെ കുപ്പി മടക്കി നൽകി പണം തിരികെ വാങ്ങാം. 

നിരവധി കാരണങ്ങളാല്‍ പദ്ധതി ഫലപ്രദമല്ല. ശേഖരിക്കുന്ന ബോട്ടിലുകൾ കാരണം മദ്യം സൂക്ഷിക്കാൻ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ സ്ഥലപരിമിതിയുണ്ടായി. പദ്ധതിക്കെതിരെ മദ്യ ഉപഭോക്താക്കളില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്നു. ജീവനക്കാരും മദ്യ ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കിക്കുന്ന സാഹചര്യം വരെയെത്തി. കൺസ്യൂമർഫെഡ് വില്‍ക്കുന്ന മദ്യത്തിന്‍റെ തുകയുമായി ബവ്കോ വില്‍ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളിലെ മദ്യവിലയില്‍ അന്തരമുണ്ടായി. ഇത് വില്‍പന കുറയുന്നതിനും ഇടയാക്കി. നിലവില്‍ ശേഖരിച്ചിരിക്കുന്ന കുപ്പികളും ഈമാസം ഇരുപത് വരെ തിരികെ വരുന്ന കുപ്പികളും ക്ലീന്‍ കേരള മിഷനോട് വേഗത്തില്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടും. 

പ്ലാസ്റ്റിക് ബോട്ടിലുകൾ സംസ്‌കരിക്കാൻ തദ്ദേശവകുപ്പുമായി ചേര്‍ന്ന് ബദൽ മാർഗം തേടുമെന്നും ബവ്കോയുടെ ഉത്തരവിലുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ച കാര്യം മനോരമ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!