മേലേചൊവ്വയിലെ മേൽപാലത്തിന്റെ വിധിയെന്ത്? പദ്ധതി ഉപേക്ഷിക്കാനുള്ള ആലോചനയിൽ സർക്കാർ

Share our post

കണ്ണൂർ : ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപ്പിലാക്കുന്ന പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന മേലെചൊവ്വയുടെ വിധിക്ക് മാറ്റമില്ല. സ്ഥലത്ത് നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മേൽപാലം പദ്ധതിയും ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് സർക്കാർ. ദേശീയപാത കണ്ണൂർ റോഡിലെ ധർമസമാജം സ്കൂൾ മുതൽ‌ തലശ്ശേരി റോഡിലെ ചൊവ്വ ശിവക്ഷേത്രം കിഴക്കേ നട റോഡ് വരെ നിർമിക്കാനുദ്ദേശിച്ചിരുന്ന മേൽപാലം പദ്ധതി അശാസ്ത്രീയമാണെന്ന് പറഞ്ഞാണ് ഉപേക്ഷിക്കാനുള്ള നീക്കം തുടങ്ങിയിട്ടുള്ളത്.

കണ്ണൂർ–തലശ്ശേരി–മട്ടന്നൂർ റോഡുകൾ ചേരുന്ന മേലെചൊവ്വ ജംക്‌ഷനിൽ മുഴുവൻ സമയ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ആദ്യത്തെ പദ്ധതി ട്രാഫിക് പൊലീസും ദേശീയപാത–പൊതുമരാമത്ത് വകുപ്പും ചേർന്ന് 10 വർഷം മുൻപ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതായിരുന്നു. ജംക്‌ഷനിൽ സ്ഥല പരിമിതിയുള്ളതിനാൽ തലശ്ശേരി റോഡിലും കണ്ണൂർ ഭാഗത്തേക്കും മട്ടന്നൂർ ഭാഗത്തേക്കും ഉള്ള റോഡുകളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ വാഹന ‍ഡ്രൈവർമാർക്ക് കാണാൻ പറ്റുന്നില്ലെന്നും പദ്ധതി അശാസ്ത്രീയമാണെന്നും പറഞ്ഞാണ് ഈ സിഗ്നൽ പദ്ധതി ഉപേക്ഷിച്ചത്.

തുടർന്ന് 3 വർഷത്തിന് ശേഷം ജംക്‌ഷൻ വീതി കൂട്ടി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കാൻ തീരുമാനമായി. തുടർന്ന് ജംക്‌ഷന് മധ്യത്തിലായി ഉണ്ടായിരുന്ന, പരിസരത്തു മുഴുവൻ ശുദ്ധജല ലഭ്യത നൽകിയിരുന്ന, കനത്ത വേനലിൽ പോലും ശുദ്ധജലം സുലഭമായിരുന്ന, കിണർ മൂടി. ജംക്‌ഷനിലെ മൂന്ന് റോഡുകളിലും ബസ് കാത്തിരിക്കുന്നവർക്കും പരിസരം മുഴുവനായും തണൽ നൽകിയിരുന്ന കൂറ്റൻ വൃക്ഷവും മുറിച്ചുമാറ്റി. തുടർന്ന് മൂന്ന് റോഡിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും പ്രവർത്തിച്ചതേയില്ല.

നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന പ്രഭവ കേന്ദ്രമായി മേലെചൊവ്വ ജംക്‌ഷനിൽ തുടർന്ന് കൊണ്ടിരിക്കെ 2022 ലാണ് മേലെ ചൊവ്വയിൽ അടിപ്പാത നിർമിക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ ആലോചിച്ചത്. എന്നാൽ മേലെ ചൊവ്വയിലെ ജല സംഭരണിയിൽ നിന്നും കണ്ണൂർ നഗരത്തിലേക്ക് പോകുന്ന പ്രധാന പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടി വരുമെന്ന സാങ്കേതിക പ്രശ്നമാണ് മേൽപാലം പദ്ധതിയിലേക്ക് എത്തിച്ചത്. തുടർന്നാണ് 2023 ഒക്ടോബറിൽ കിഫ്ബി മേൽപാലത്തിനുള്ള സാമ്പത്തികാനുമതി നൽകിയത്. 424.60 മീറ്റർ നീളത്തിലും 24 മീറ്റർ വീതിയിലും നിർമിക്കാൻ ഉദ്ദേശിച്ച മേൽപാലം പദ്ധതിക്ക് വേണ്ടി സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങൾ അടക്കം നൂറോളം കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. മേൽപാലം ഭാഗമായ തൂണുകളുടെ പൈലിങ് പ്രവൃത്തി, സർവീസ് റോഡ്, ‍ഡ്രെയ്നേജ് എന്നിവയുടെ നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കേയാണ് പദ്ധതി നിർത്തി വയ്ക്കാനുള്ള നീക്കവുമായി പുതിയ സർക്കാർ മുന്നോട്ട് വന്നിട്ടുള്ളത്.

പദ്ധതി വേണമെന്ന് ആവശ്യം 
ദേശീയപാതയായി മാറാൻ പോകുന്ന മേലെചൊവ്വ–മട്ടന്നൂർ റോഡ് കണ്ണൂർ നഗര ഭാഗത്ത് നിന്ന് എളുപ്പത്തിൽ മട്ടന്നൂർ വിമാനത്താവളത്തിലേക്ക് എത്താൻ പറ്റുന്ന പ്രധാന റോഡാണ്. മാത്രമല്ല മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്നുള്ള പ്രധാന റോഡ് കൂടിയാണ് ഇത്. നാൾക്കുനാൾ ഗതാഗതത്തിരക്ക് വർധിച്ച് വരുന്ന മേലെചൊവ്വ–മട്ടന്നൂർ റോഡ് 4 വരിയാക്കാനുള്ള പദ്ധതിയും തീരുമാനിച്ചിട്ടുണ്ട്. പുതിയ ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂർ നഗരത്തിലേക്ക് വരാൻ ചാലയിൽ നിന്ന് സർവീസ് റോഡിലേക്കാണ് ഇറങ്ങേണ്ടി വരിക. ദേശീയപാതയിലേക്കുള്ള പ്രവേശനവും ചാലയിൽ നിന്ന് തന്നെയാണ്.

കണ്ണൂർ നഗരത്തി നിന്ന് ചാലയിലേക്കും ചാലയിൽ നിന്ന് കണ്ണൂർ നഗരത്തിലേക്കുമുള്ള വാഹനങ്ങൾ മേലെചൊവ്വ വഴിയാണ് കടന്നുപോകേണ്ടത്. ഈ സാഹചര്യത്തിൽ കണ്ണൂർ നഗര ദേശീയപാതയിൽ നിന്ന് ഭാവിയിൽ ഗതാഗതക്കുരുക്കില്ലാതെ മട്ടന്നൂർ റോഡിലേക്ക് പ്രവേശിക്കാൻ മേലെചൊവ്വ മേൽപാലം പദ്ധതി അത്യാവശ്യമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതേ സമയം മേൽപാലം മേലെചൊവ്വ കയറ്റത്തിൽ അവസാനിപ്പിക്കുന്നതിന് പകരം താഴെചൊവ്വ റെയിൽവേ ഗേറ്റിനപ്പുറത്തേക്ക് നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

വികസനവിരുദ്ധ നിലപാട് അവസാനിപ്പിക്കണം: എൽഡിഎഫ് കണ്ണൂർ മണ്ഡ‍ലം കമ്മിറ്റി 
മേലെചാെവ്വയിലെ മേൽപാലത്തിന്റെ നിർമാണം അട്ടിമറിക്കുന്ന വികസന വിരുദ്ധനിലപാട് അവസാനിപ്പിക്കണമെന്ന് എൽഡിഎഫ് കണ്ണൂർ മണ്ഡ‍ലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നാൽപത് ശതമാനത്തോളം പണി പൂർത്തിയായ പദ്ധതിയാണ് നാട്ടുകാർ ഏതിർക്കുന്നുവെന്ന് ദുർവ്യാഖ്യാനിച്ച് തടസ്സപ്പെടുത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്ക് നിർമാണം തുടങ്ങിയ പദ്ധതിയെ സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് എംഎൽഎ എതിർക്കുന്നത്. നിർമാണ പ്രവൃത്തികൾ ഏറെ പുരോഗമിച്ച ഘട്ടത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ജനോപകാരപ്രദമായ പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ്. വികസനവിരുദ്ധ മനോഭാവത്തോടെ ജനോപകാരപ്രദമായ മേലെ ചൊവ്വയിലെ മേൽപാലം പോലുള്ള പദ്ധതികളെ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും എൽഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനർ കെ.പി.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.

അട്ടിമറി നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: കോൺഗ്രസ് എസ് 
മേൽപാലം പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ് പറഞ്ഞു. അന്ധമായ രാഷ്ട്രീയത്തിന്റെ പേരിൽ നാടിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നത് ചെറുക്കണം. കണ്ണൂരിന്റെ വികസനത്തിനായി മുൻ എംഎൽഎയുടെ നേതൃത്വത്തിൽ പല പദ്ധതികളും കൊണ്ടു വന്നപ്പോൾ അതിനെയൊക്കെ എതിർത്തവരാണ് പദ്ധതി മുടക്കാൻ ശ്രമിക്കുന്നതെന്നും ഒറ്റക്കെട്ടായി ഈ നീക്കത്തെ നേരിടണമെന്നും അദ്ദേഹം പറ ഞ്ഞു.

മേൽപാലം പദ്ധതി വേണ്ടെന്ന കാരണങ്ങൾ ഇങ്ങനെ 
മേലെചൊവ്വയിൽ മേൽപാലം വേണ്ടെന്ന് പറയാനുള്ള പ്രധാന കാരണങ്ങളിൽ‌ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ആറുവരി ദേശീയപാത നിർമാണം പൂർത്തിയായാൽ ദീർഘദൂര വാഹനങ്ങളും ഭാരവാഹനങ്ങളടക്കമുള്ള ലോറികളും മേലെചൊവ്വ വഴി വരില്ലെന്നതാണ്. പഴയ ദേശീയപാതയിൽ മേലെചൊവ്വ കയറ്റം അവസാനിക്കുന്ന സ്ഥലത്ത് നിന്നാണ് പാലം തുടങ്ങുന്നത്. ഒരു വലിയ കയറ്റത്തിന്റെ തുടർച്ചയായി വീണ്ടും പാലത്തിന്റെ കയറ്റം കൂടിയാകുമ്പോൾ ഭാരവാഹനങ്ങൾ കയറില്ല. നിലവിൽ തന്നെ മേലെചൊവ്വ കയറ്റത്തിൽ ഭാരവാഹനങ്ങൾ നിന്നുപോകുന്ന അവസ്ഥ ഉണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!