‘കേരളം സൂപ്പറല്ലേ..’; മികച്ച വിദ്യാഭ്യാസം തേടി ഉത്തർപ്രദേശിൽ നിന്ന് കണ്ണൂരിലേക്കെത്തി അഞ്ചാം ക്ലാസുകാരനും കുടുംബം
കണ്ണൂര്‍: മകന് മികച്ച വിദ്യാഭ്യാസം തേടി കേരളത്തിൽ എത്തിയിരിക്കുകയാണ് ഉത്തർപ്രദേശുകാരായ ഒരു കുടുംബം. ബസ്തി സ്വദേശികളായമുഹമ്മദ് ശുഹൈബ് അൻസാരി- ഷാദ്മ ഹൈദർ ദമ്പതികളാണ് അഞ്ചാം ക്ലാസുകാരനായ മകൻ്റെ പഠനത്തിനായി കണ്ണൂരിൽ എത്തിയത്. സംസ്ഥാനത്തിൻ്റെ പൊതു വിദ്യാഭ്യാസത്തിനുള്ള അംഗീകാരം കൂടിയാണ് യുപി സ്വദേശിയുടെ സ്‌കൂൾ പ്രവേശം.
കണ്ണൂർ പെരളശേരി യിലെ എ കെ ജി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അഞ്ചാം ക്ലാസിലെ പുതിയ വിദ്യാർഥിയായാണ് മുഹമ്മദ് അയാൻ അൻസാരി ഇനി മുതല്‍ പഠിക്കുന്നത്. യുപിയിലെ ബസ്തി ജില്ല വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരനായ മുഹമ്മദ് ശുഹൈബ് അൻസാരിയുടെ മൂത്ത മകനാണ് അയാൻ അൻസാരി. അയാൻ ജന്മനാട് വിട്ട് കേരളത്തിൽ എത്തിയത് തൻ്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള മാർഗ്ഗം തേടിയാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗമാണ് തൻ്റെ ആഗ്രഹം സഫലീകരിക്കാനുള്ള പറ്റിയ വഴിയെന്ന് അഞ്ചാം ക്ലാസുകാരൻ പറയുന്നു.
മകന് മികച്ച വിദ്യാഭ്യാസം നൽകാൻ സ്വന്തം നാടും വീടും വിട്ട് മാതാവ് ഷാദ്മ ഹൈദറും കുഞ്ഞനുജൻ മുഹമ്മദ് അയാൻ അസ് ലാലും അയാനൊപ്പം പെരളശേരിയിലുണ്ട്. ദേശീയ തലത്തിൽ തന്നെ പേരെടുത്ത കേരളത്തിലെ പൊതുവിദ്യാഭ്യാസമാണ് തൻ്റെ കുഞ്ഞിൻ്റെ ഭാവിക്ക് നല്ലതെന്ന് മുഹമ്മദ് ശുഹൈബും ഷാദ്മയും തീരുമാനിച്ചപ്പോൾ കുടുംബം ഒന്നാകെ അതിനൊപ്പം നിന്നു. അയാൻ്റെ പിൻഗാമികളായി കേരളത്തിലേക്ക് എത്താൻ ഒരുപാട് കുട്ടികൾ ഇനിയും കാത്തിരിപ്പുണ്ടെന്നും ഷാദ്മ പറയുന്നു.
