‘കോടതിക്ക് മുകളിലല്ല സതീശൻ’: നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തിന് എതിരെ രാഗേഷ്
കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്ന സംസ്ഥാന സർക്കാർ നീക്കം തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. നേരത്തേ ഹൈക്കോടതിയും സുപ്രീം കോടതിയും സിബിഐ അന്വേഷണ ആവശ്യം തള്ളിയതാണ്. കോടതിയുടെ മുകളില്ല വി.ഡി.സതീശനെന്ന മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു.
കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ടതിനാൽ, കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ചില കാര്യങ്ങൾ വിജിലൻസിന്റെ പരിഗണനയിൽ വന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അക്കാര്യവും അന്വേഷിക്കണമെന്ന് വിജിലൻസിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. അപ്രകാരം അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു എന്നുമാണ് ഇപ്പോൾ അറിയുന്നത്. അതിനിടയിൽ, സുപ്രീംകോടതി പോലും നിരാകരിച്ച സിബിഐ അന്വേഷണം ഏർപ്പെടുത്തുന്നത് തികച്ചും രാഷ്ട്രീയമായ നീക്കമാണ്. വി.ഡി.സതീശന് സ്വന്തം അന്വേഷണ ഏജൻസിയേക്കാൾ വിശ്വാസം നരേന്ദ്ര മോദിയുടെ സേനയായ സിബിഐയിലാണ്. ഇ.ഡിയിലും സിബിഐയിലും മാത്രം വിശ്വസിക്കുന്ന വി.ഡി.സതീശൻ എത്രമാത്രം അപകടകരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന കാര്യം കേരളീയ സമൂഹം തിരിച്ചറിയണമെന്നും കെ.കെ.രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.
