നിയുക്ത മുഖ്യമന്ത്രിയുടെപേരിൽ പൈതൃകമായി കിട്ടിയതടക്കം 2.42 കോടി മൂല്യമുള്ള വസ്തുക്കൾ; 24ലക്ഷം ബാധ്യത
കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും ഭാര്യയ്ക്കുമായുള്ളത് 1.22 കോടി രൂപയുടെ നിക്ഷേപം. വീടും സ്ഥലവും ഉൾപ്പെടെ പൈതൃകമായി കിട്ടിയതും സ്വന്തമായി വാങ്ങിയതുമായ 2.42 കോടി രൂപ മൂല്യമുള്ള വസ്തുവകകളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിലുണ്ട്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം നൽകിയ സത്യവാങ്മൂലത്തിലാണ് ഈ സ്വത്ത് വിവരകണക്കുകളുള്ളത്.
പണവും സ്വർണവും ഉൾപ്പെടെ 53,82,286 രൂപയുടെ നിക്ഷേപമാണ് വി.ഡി. സതീശന്റെ പേരിലുള്ളത്. ഭാര്യയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കുന്ന വേളയിൽ സതീശന്റെ കൈവശം 64,000 രൂപയും ഭാര്യയുടെ കൈവശം 9000 രൂപയുമാണുണ്ടായിരുന്നത്. 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വർണവും സതീശന്റെ കൈവശമുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വർണവും മകൾ ഉണ്ണിമായയുടെ പേരിൽ 9,61,000 രൂപയുടെ കാറുമുണ്ട്. വീടും സ്ഥലവും പൈതൃകമായി കിട്ടിയതും സ്വന്തമായി വാങ്ങിയതുമായ 2,42,63,816 രൂപ മൂല്യമുള്ള വസ്തുക്കൾ സതീശന്റെ പേരിലുണ്ട്. പറവൂരിലെ 30 സെന്റും വീടും നെട്ടൂരിലെ 33.5 സെന്റും ഉൾപ്പെടെയാണിത്.
ഭാര്യയ്ക്ക് പൈതൃകമായി കിട്ടിയ 1,85,27,520 രൂപ മൂല്യം വരുന്ന ഭൂമിയുണ്ട്. മകളുടെ പേരിൽ വാങ്ങിയ കാറിന്റെ ലോൺ 3,29,319 രൂപയും ഹൗസിങ് ലോൺ 11,71,316 രൂപയും മറ്റു കടങ്ങളും ഉൾപ്പെടെ 24,00,635 രൂപയുടെ ബാധ്യതയുണ്ട്. 17,45,000 രൂപയുടെ ബാധ്യതയാണ് ഭാര്യയ്ക്കുള്ളത്. സതീശന്റെ പേരിൽ 18 കേസുകളുണ്ടെന്നും നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
പ്ലാച്ചിമട സമരസമിതിയാണ് വി.ഡി. സതീശന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയിരുന്നത്. പ്ലാച്ചിമട സമരങ്ങൾക്ക് നൽകിയ പിന്തുണയ്ക്കുള്ള ഐക്യദാർഢ്യമായാണ് സമരസമിതി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്. വിളയോടി വേണുഗോപാൽ, കെ. ശക്തിവേൽ, സമരനായികയായിരുന്ന മയിലമ്മയുടെ മകൻ എൻ. തങ്കവേലു, ഊരുമൂപ്പൻ കെ. സുന്ദരൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോൾ പ്ലാച്ചിമട പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
