കോൺഗ്രസ് ചുരുങ്ങി ‘മുസ്ലിം ലീഗ്’ ആയി; ബിജെപിയുടെ ആരോപണത്തിന് കണക്കുകൾകൊണ്ട് മറുപടി

Share our post

ന്യൂഡൽഹി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപിയുടം ‘മുസ്ലിം ലീഗ്’ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ്. അസമിൽ വിജയിച്ച 19 കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 18 പേരും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരും ഒരാൾ മാത്രം ഹിന്ദു മതത്തിൽപെട്ടയാളും ആയതിന് പിന്നാലെയാണ് പരിഹാസവുമായി ബിജെപിയും എഐയുഡിഎഫും (AIUDF) മുന്നോട്ടുവന്നത്.

കോൺഗ്രസ് ഇപ്പോൾ ഒരു ന്യൂനപക്ഷ പാർട്ടി മാത്രമായി മാറിയെന്നും അത് ‘മുസ്ലിം ലീഗ്’ ആയെന്നുമായിരുന്നു അസം മന്ത്രി പിജുഷ് ഹസാരികയുടെ പരിഹാസം. ഇതിനെ മറികടക്കാനായി ദേശീയ തലത്തിലെ എംഎൽഎമാരുടെ കണക്കുകൾ നിരത്തിയിരിക്കുകയാണ് കോൺഗ്രസ്.

പാർട്ടിയുടെ സാമൂഹികമാധ്യമ മേധാവി സുപ്രിയ ശ്രീനേത് ആണ് തങ്ങളുടെ എംഎൽഎമാരുമായി ബന്ധപ്പെട്ട ദേശീയ തലത്തിലെ കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്താകെയുള്ള 664 കോൺഗ്രസ് എംഎൽഎമാരിൽ 520 പേർ (78%) ഹിന്ദുക്കളാണെന്നും, 80 പേർ (12%) മാത്രമാണ് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരെന്നും അവർ വ്യക്തമാക്കി. ബാക്കി 10 ശതമാനം (64 പേർ) മറ്റ് മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ ‘മുസ്ലിം ലീഗ്’ പ്രതിച്ഛായ ദോഷകരമായി ബാധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം ഭയപ്പെടുന്നു. അതുകൊണ്ടുമാത്രമാണ് എംഎൽഎമാരുടെ മതപരമായ കണക്കുകൾ മുമ്പ് ഒരിക്കലും വെളിപ്പെടുത്താതിരുന്ന കോൺഗ്രസ്, ഇപ്പോൾ അതിന് തയ്യാറായത് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ഈ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുമ്പോൾ ഇത്തരം പ്രചാരണങ്ങൾ തടയേണ്ടത് പാർട്ടിയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് നേതൃത്വം കരുതുന്നതായും അവരുമായി അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ജോയ് പ്രകാശ് ദാസാണ് അസമിൽ വിജയിച്ച കോൺഗ്രസിന്റെ ഏക ഹിന്ദു എംഎൽഎ.

‘ബിജെപിയുടെ പ്രചാരണം തെറ്റാണെന്നാണ്. ഹിന്ദു വോട്ടർമാർ ഞങ്ങളെ പൂർണമായും കൈവിട്ടിട്ടില്ല. നൗബോയ്ച മണ്ഡലത്തിൽ ഞാൻ 23,000-ത്തിലധികം വോട്ടുകൾക്ക് വിജയിച്ചത് ഇതിന് തെളിവാണ്.’ ജോയ് പ്രകാശ് ദാസ് പറയുന്നു. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെ ‘മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്’ എന്ന് വിശേഷിപ്പിച്ചിരുന്നു.

വോട്ട് ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്നായിരുന്നു ഇതിനോടുള്ള കോൺഗ്രസിന്റെ പ്രതികരണം. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് തങ്ങളെന്നും, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് വ്യക്തമാണെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. ബിജെപിയുടെ വ്യാജ പ്രചാരണങ്ങളെ വസ്തുതകൾ കൊണ്ട് നേരിടാനാണ് തങ്ങളുടെ തീരുമാനമെന്നും പാർട്ടി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!