പേരാവൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍; കനത്ത വോട്ട് ചോര്‍ച്ച
പേരാവൂര്‍: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും സിപിഐഎം നേതാവ് ശൈലജയും വാശിയോടെ മത്സരിച്ച പേരാവൂര്‍ മണ്ഡലത്തിലെ സിപിഐഎം കോട്ടകളില്‍ വോട്ടുചോര്‍ച്ച. സണ്ണി ജോസഫിന് ലഭിച്ച റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് പിന്നിലെ കാരണം ഇതാണെന്നാണ് വിലയിരുത്തല്‍. റെക്കോര്‍ഡ് ഭൂരിപക്ഷം നേടി സണ്ണി ജോസഫ് ജയിച്ച മണ്ഡലമായി പേരാവൂര്‍ മാറി. യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ചോര്‍ച്ച തടയാൻ കഴിഞ്ഞതും കൂടുതല്‍ വോട്ട് നേടി റെക്കോര്‍ഡ് വിജയത്തിലെത്താന്‍ സണ്ണി ജോസഫിനെ സഹായിച്ചു.
പായത്ത് 1500 വോട്ടിന്റെ ഭൂരിപക്ഷം പോലും കെ കെ ശൈലജയ്ക്ക് ലഭിച്ചില്ല. ഇവിടെ നിന്നും മൂവായിരത്തിന് മുകളില്‍ വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാട്ടുകാരിയായ ശൈലജ 13 ബൂത്തുകളിലാണ് പായത്ത് മുന്നിട്ട് നിന്നതെങ്കില്‍ സണ്ണി ജോസഫ് 12 ഇടങ്ങളില്‍ ലീഡ് ചെയ്തു. സിപിഐഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും ശൈലജയെ പിന്നിലാക്കി സണ്ണി ജോസഫ് മുന്നേറി. 2200 വോട്ടിന്റെ മേല്‍ക്കൈയാണ് നഗരസഭയില്‍ നിന്നു മാത്രം യുഡിഎഫിന് ലഭിച്ചത്.
32 ബൂത്തുകളുള്ള നഗരസഭയില്‍ ഇരുപതിലും സണ്ണി ജോസഫ് കരുത്തറിയിച്ചു. മുഴക്കുന്ന്, മുടക്കോഴി മല എന്നിവ ഉള്‍പ്പെടുന്ന മുഴക്കുന്ന പഞ്ചായത്തിലും ശൈലജയ്ക്ക് കാലിടറി. 700 വോട്ടിന്റെ ലീഡ് മാത്രമാണ് ഇവിടെ എല്‍ഡിഎഫിന് ലഭിച്ചത്. യുഡിഎഫിന്റെ പ്രധാന കേന്ദ്രമായ അയ്യന്‍കുന്നില്‍ സണ്ണി ജോസഫ് വന്‍ മുന്നേറ്റമുണ്ടാക്കി. സമാനമായി 1500ഓളം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പേരാവൂരിും ശൈലജയ്ക്ക് മുന്നൂറില്‍ താഴെ വോട്ടിന്റെ ലീഡ് മാത്രമേ ഉയര്‍ത്താന്‍ കഴിഞ്ഞുള്ളൂ. പേരാവൂരിലെ 20ല്‍ 12 ബൂത്തിലും സണ്ണി ജോസഫ് ശക്തി തെളിയിച്ചു. അതേസമയം ആറളം, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളില്‍ യഥാക്രമം 3900, 1477, 1640, 2184 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി.
