മിൽമ പാൽവില നാല് രൂപ കൂട്ടുമ്പോൾ കർഷകന് ലഭിക്കുക രണ്ട് മാത്രം; മറ്റു ജോലികൾ തേടി ക്ഷീരകർഷകർ

Share our post

കോഴഞ്ചേരി : കേരളം നന്മ കണികണ്ടുണരുമ്പോൾ ആ നന്മയ്ക്ക് കാരണമാകുന്ന ക്ഷീരകർഷകർ‌ കണ്ണീരു തോരാത്ത അവസ്ഥയാണ്. മിൽമ പാൽവില 4 രൂപ കൂട്ടുമ്പോൾ, ക്ഷീരകർഷകർക്ക് കിട്ടുന്നത് 2 രൂപ മാത്രം. എന്നിട്ടും ഒരു ലീറ്റർ പാലിൽ കുറഞ്ഞത് 10 രൂപ നഷ്ടമെന്നാണ് കർഷകർ പറയുന്നത്. കാലിത്തീറ്റയുടെ വില ക്രമാതീതമായി കൂടിയത് പ്രധാന പ്രതിസന്ധിയായി നിലനിൽക്കുന്നു. കാലിത്തീറ്റ, ചോളപ്പൊടി, ഗോതമ്പുതവിട്, പരുത്തി, പിണ്ണാക്ക് എന്നിവയ്ക്കെല്ലാം വില കൂടി. കഴിഞ്ഞ ആഴ്ച മാത്രം കാലിത്തീറ്റയ്ക്ക് ഒറ്റയടിക്ക് കൂട്ടിയത് 30 രൂപ.

ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകന് ഒരു ലീറ്റർ പാലിനു ശരാശരി കിട്ടുന്നത് 46– 47 രൂപയാണ്. ഈ പാലിനു മിൽമ സംഘത്തിനു നൽകുന്നത് 48 – 48.50 രൂപയാണ്. എന്നാൽ, കർഷകർ‌ പറയുന്നത് ലീറ്ററിന് കുറഞ്ഞത് 60 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ പശുവളർത്തൽ ലാഭകരമാകുകയുള്ളുവെന്നാണ്. വീടുകളിൽ പാൽ കൊണ്ടു കൊടുക്കുമ്പോൾ 65 മുതൽ 80 രൂപ വരെ കിട്ടും. ഇതിന്റെ ബുദ്ധിമുട്ടും ചെലവും നോക്കിയാണ് കർഷകർ ഒന്നിച്ച് സംഘങ്ങളിൽ പാൽ നൽകുന്നത്. കച്ചിയും പുല്ലും മാത്രം കൊടുത്തു വളർത്തുന്ന പശുവിന് കാര്യമായ പാൽ ലഭിക്കില്ല. മാത്രമല്ല സംഘത്തിൽ കർഷകൻ നൽകുന്ന പാലിന്റെ ഗ്രേഡ് അനുസരിച്ചാണ് കർഷകന് പണം കിട്ടുക. ഒന്നും രണ്ടും പശുവിനെ വളർത്തുന്ന കർഷകർ വീടുകളിൽനിന്നു ലഭിക്കുന്ന തുകകൊണ്ടു മാത്രമാണ് കഴിഞ്ഞുകൂടുന്നത്. കാലിത്തീറ്റകളുടെ വിലയുടെ കാര്യത്തിൽ സർക്കാർ നിയന്ത്രണമില്ലാത്തതാണ് പശുവളർത്തൽ ചെലവേറിയതാക്കി മാറ്റുന്നതെന്നു തെള്ളിയൂർ എടയ്ക്കാട് ക്ഷീരസംഘം പ്രസിഡന്റും 10 പശുക്കളെ വളർത്തുന്ന ഫാമിന്റെ ഉടമയുമായ ഷിബു കുര്യൻ പറഞ്ഞു.

മറ്റു ജോലികൾ തേടി ക്ഷീരകർഷകർ
പന്തളം ∙ പ്രതിസന്ധി കാരണം ഒട്ടേറെ പേർ പശുവളർത്തൽ നിർത്തി മറ്റ് വഴികൾ തേടുന്ന ഘട്ടത്തിലാണ് മിൽമയുടെ പാൽവില കൂട്ടാനുള്ള തീരുമാനം. പശു വളർത്തലിനോടുള്ള താൽപര്യം കൊണ്ടു മാത്രമാണ് 3 പശുക്കളെ ഇപ്പോഴും വളർത്തുതെന്നതെന്ന് കർഷകനായ കുടശനാട് ഏലക്കോട് വീട്ടിൽ വർഗീസ് പറയുന്നു. 40 പശുക്കളെ വരെ വളർത്തിയ പൂഴിക്കാട് സ്വദേശി ഈ രംഗം വിട്ടിട്ട് മാസങ്ങളായി. നല്ല രീതിയിൽ നടത്തിയ ഫാം വേണ്ടെന്നു വച്ചതിനു 2 കാരണങ്ങൾ മാത്രം. കാലിത്തീറ്റയുടെ വില വർധനയും പാലിനു വില കുറഞ്ഞതും. സമാനമായ രീതിയിൽ ഒട്ടേറെ പേർ ഈ രംഗം വിട്ടു. 2018ൽ സർക്കാർ ക്ഷീരമേഖലയെക്കുറിച്ചു പഠിക്കാൻ ലിഡാ ജേക്കബിനെ കമ്മിഷനായി നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിലെ പ്രധാന നിഗമനം തന്നെ ഒരു ലീറ്റർ പാലിന്റെ ഉൽപാദനച്ചെലവ് മാത്രം 47 രൂപയെന്നാണ്. ഇത് കണക്കാക്കിയുള്ള വില വർധന ഇതുവരെ സർക്കാർ നടപ്പാക്കിയിട്ടില്ലെന്നു കർഷകർ പറയുന്നു.

കാലിത്തീറ്റയ്ക്ക് ഒരാഴ്ചകൊണ്ട് കൂട്ടിയത് 30 രൂപ
ഒരു പശുവിന് ഒരാഴ്ച ഒരു കെട്ട് കച്ചി വേണം. മൊത്തമായി വാങ്ങിയാൽ ഒരു കെട്ട് കച്ചിക്ക് 250 രൂപ. ചില്ലറ വില 350 രൂപ വരെയാകും. കാലിത്തീറ്റ പാക്കറ്റിനു വില 1,455. ഒരു പശുവിന് ഒരാഴ്ചത്തേക്ക് ഒരു പാക്കറ്റ് വേണം. ബിയർ വേസ്റ്റും ഒരു പാക്കറ്റ് ഒരാഴ്ചത്തേക്ക് വേണം. ഇതിന്റെ വില 650 രൂപ. ചോള ശൈലേജ് 2 പാക്കറ്റാണ് ഒരാഴ്ചത്തേക്ക് വേണ്ടത്. ഒരു പാക്കറ്റിനു 350 രൂപയാണ് വില. ഒരാഴ്ച 300 രൂപയുടെ ചോളപ്പൊടിയും വേണ്ടിവരും. ഇതിനു പുറമേ ധാന്യപ്പൊടിയും നൽകണം. അതിന് ഒരാഴ്ചത്തേക്കുള്ളതിന് 250 രൂപയാണ്. എല്ലാം കൂടി 3,600 രൂപ ചെലവ്. ഇത്രയും തീറ്റ നൽകി വളർത്തുന്ന പശുവിൽ നിന്ന് ഒരു ദിവസം ശരാശരി 10 ലീറ്റർ പാൽ‌ കിട്ടും. ഒരു ലീറ്റർ പാലിന് 46 രൂപ വച്ച് 10 ലീറ്ററിന് ഒരാഴ്ച കിട്ടുന്നത് 3,220 രൂപ മാത്രവും. നഷ്ടം 380 രൂപ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!