കേരളത്തിൽ മുന്നണി രാഷ്ട്രീയമേ കഴിയൂ, ഒറ്റയ്ക്കു ഭരിക്കാൻ 50 വർഷമെടുക്കും- ബി.ജെ.പി.

Share our post

കൊല്ലം: കേരളത്തിൽ മുന്നണിരാഷ്ട്രീയംകൊണ്ടു മാത്രമേ ജയിക്കാനും ഭരിക്കാനും കഴിയൂവെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം. ഒറ്റയ്ക്ക് കേരളം ഭരിക്കാൻ 50 വർഷമെടുക്കും. മുന്നണിയാണെങ്കിൽ അടുത്ത തവണ സാധിക്കാം. കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന ബി.ജെ.പി. ഉത്തരമേഖലാ തിരഞ്ഞെടുപ്പ് വിശകലനയോഗത്തിലാണ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ഇങ്ങനെ പറഞ്ഞത്.

നിലവിലെ ഘടകകക്ഷികളെ ചേർത്തുനിർത്തിയേ മുന്നോട്ടുപോകാൻ കഴിയൂ. നേമം, കഴക്കൂട്ടം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങൾപോലും ചിലപ്പോൾ ഘടകകക്ഷികൾക്ക് നൽകേണ്ടിവരുമെന്നും സന്തോഷ് പറഞ്ഞു. രാഷ്ട്രീയനേതാക്കൾ പദവി മോഹിക്കണമെന്നും അത് തുറന്നുപറയാൻ ആർജവം കാണിക്കണമെന്നും നേതാക്കൾ പറഞ്ഞു. പദവി മോഹിക്കാത്ത നേതാക്കൾ കേരള ബി.ജെ.പി.യുടെ പോരായ്മയാണെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മണ്ഡലം ഇൻ ചാർജുമാർ മുതൽ സംസ്ഥാന ഭാരവാഹികൾവരെ പങ്കെടുത്ത യോഗത്തിലായിരുന്നു പരാമർശം.

മത്സരിക്കാൻ ആഗ്രഹിക്കുകയും സീറ്റ് ലഭിക്കാതിരിക്കുകയും ചെയ്ത നേതാക്കൾ എഴുന്നേറ്റുനിൽക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ആവശ്യപ്പെട്ടു. പാർട്ടി വക്താവ് ടി.പി. ജയചന്ദ്രൻ ആദ്യം എഴുന്നേറ്റു. പിന്നാലെ സംസ്ഥാനതലംമുതൽ മണ്ഡലതലംവരെയുള്ള പതിനഞ്ചോളം നേതാക്കൾ എഴുന്നേറ്റുനിന്നു. രാഷ്ട്രീയപ്രവർത്തകർക്ക് ഇത്തരം മോഹമുണ്ടാകണമെന്നും കേരളത്തിലെ നേതാക്കൾക്ക് അതില്ലെന്നും ബി.എൽ. സന്തോഷ് പറഞ്ഞു. എന്നാൽ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ നിമിഷനേരംകൊണ്ട് ആ സ്ഥാനാർഥിക്കൊപ്പം പ്രവർത്തിക്കുകയും വേണം-അദ്ദേഹം പറഞ്ഞു.

സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ടായോ എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. സീറ്റ് കിട്ടില്ലെന്ന് അറിയാമായിരുന്നു, ഇത്തരം അവഗണന പതിവായതുകൊണ്ട് ശീലമായിപ്പോയി എന്നൊക്കെയാണ് പല നേതാക്കളും മറുപടി നൽകിയത്. നേരത്തേ നടന്ന ദക്ഷിണമേഖലാ വിലയിരുത്തൽയോഗത്തിലും ഇതേ ചോദ്യം ദേശീയ നേതാക്കൾ ഉന്നയിച്ചിരുന്നു. എത്രദിവസംകൊണ്ട് വിഷമം മറികടന്നു എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. ‘രണ്ടുദിവസംകൊണ്ട്’-സീറ്റ് വിഭജനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരേ പരാതി നൽകിയ വനിതാനേതാവ് പറഞ്ഞു.

ബി.ഡി.ജെ.എസ്., ട്വന്റി-ട്വന്റി എന്നീ ഘടകകക്ഷികൾക്ക് സീറ്റ് നൽകിയതുവഴി പ്രവർത്തകർക്കുണ്ടായ വിഷമം പരിഹരിച്ചോ എന്നായിരുന്നു അടുത്ത ചോദ്യം. രണ്ടുദിവസംകൊണ്ട് പരിഹരിച്ചു, രണ്ടാഴ്ചകൊണ്ട് പരിഹരിച്ചു എന്നൊക്കെ മണ്ഡലം ഇൻ ചാർജുമാർ മറുപടി നൽകി. ഇപ്പോഴും പരിഹരിച്ചിട്ടില്ല എന്നായിരുന്നു കോതമംഗലം മണ്ഡലം ഇൻ ചാർജിന്റെ മറുപടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!