യുവതിയുടെ കൊലപാതകത്തിനും പീഡനത്തിനും വർക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ തെളിവ്; കുറ്റപത്രം സമർപ്പിച്ചു

Share our post

കോഴിക്കോട് : യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്നു വരുത്താൻ ശ്രമിച്ച കേസിൽ പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖന് (35) എതിരെ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് കൊയിലാണ്ടി മജിസ്ട്രേട്ട് കോടതിയിൽ 490 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് കണ്ടെത്തിയ തെളിവുകളും ഹാജരാക്കി. 90 ദിവസത്തെ റിമാൻഡ് കാലാവധിക്കു 4 ദിവസം മുൻപ് കുറ്റപത്രം നൽകിയതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്നും അപേക്ഷ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. 16 വയസ്സു മുതൽ പ്രതിയുമായി ബന്ധമുള്ളയാളാണു യുവതി. പ്രതിക്കു മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പ്രതിയുടെ ഭാര്യയോടു പറയുമെന്ന സംശയത്തിലാണു യുവതിയെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയത്. മാളിക്കടവിലെ പ്രതിയുടെ വർക്‌ഷോപ്പിലേക്കു വിളിച്ചുവരുത്തി ഒന്നിച്ചു ജീവനൊടുക്കാമെന്നു തെറ്റിദ്ധരിപ്പിച്ചു കഴുത്തിൽ കുരുക്കിട്ട ശേഷം യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.

തൂങ്ങിനിൽക്കുമ്പോഴും കെട്ടഴിച്ചു കിടത്തിയ സമയത്തും മൃതദേഹത്തെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. വർക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ തെളിവായതായി പൊലീസ് പറഞ്ഞു. യുവതിയുടെ മരണം ഭാര്യയെ ഫോണിൽ അറിയിച്ച പ്രതി അവർക്കൊപ്പമാണ് കാറിൽ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. യുവതിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചതായി കണ്ടെത്തിയതിനാൽ പോക്സോ കേസെടുത്തിരുന്നു. സംഭവം നടന്നത് ചേവായൂർ പൊലീസ് പരിധിയിലായതിനാൽ പ്രതിക്കെതിരെയുള്ള പോക്സോ കേസിൽ അവരാണു തുടർ നടപടിയെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!