സംവിധായകന് സനോജ് മിശ്രയ്ക്കെതിരായ പോക്സോ കേസ്; കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുത്തു
കൊച്ചി: സംവിധായകന് സനോജ് മിശ്രയ്ക്കെതിരായ പോക്സോ കേസില്‍ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി എടുത്തു. എറണാകുളം ജില്ലാ കോടതിയിലാണ് രഹസ്യ മൊഴിയെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സനോജ് മിശ്രയെ പ്രതിയാക്കി കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്നും പെൺകുട്ടി പരാതിയിൽ ആരോപിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയിലടക്കം പ്രതികളാണ്. മോശമായി പെരുമാറിയതിന് സംവിധായകന് സനോജ് മിശ്രക്കെതിരെയും കേസെടുത്തു. ഇവര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ ചുമത്തി. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്ന് സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.
അതേസമയം, കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ മധ്യപ്രദേശ് പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. മെയ് ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മഹേശ്വര് സ്റ്റേഷന് എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയുടേതായിരുന്നു നടപടി. എം വി ഗോവിന്ദന് അടക്കമുളളവര്‍ക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹര്‍ജിയിലായിരു ന്നു നടപടി. അഭിഭാഷകനായ പി നാഗരാജിന്റെ ഹര്‍ജിയിലാണ് കോടതി മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. എം വി ഗോവിന്ദന്, വി ശിവന്‍കുട്ടി, എ എ റഹീം തുടങ്ങി ആറുപേര്‍ക്കെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം.
പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഫര്‍മാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഉടന്‍ മധ്യപ്രദേശ് പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്മാന് ഖാന് അറിയിച്ചിരുന്നു.
