സ്വിസ് വിമാനത്തിന്റെ എൻജിനിൽ തീ; 6 യാത്രക്കാർക്ക് പരുക്ക്, സംഭവം ഡൽഹിയിൽ
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്വിസ് വിമാനത്തിന്റെ എൻജിന് തീപിടിച്ച് ആറ് യാത്രക്കാർക്ക് പരുക്ക്. എൻജിൻ തകരാറിനെ തുടർന്ന് പൈലറ്റ് അവസാനനിമിഷം ടേക്ക് ഓഫ് ഒഴിവാക്കി. ഫ്ലൈറ്റ് നമ്പർ എൽഎക്സ്147 എയർബസ് 330 ആണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരെ അടിയന്തരമായി വിമാനത്തിൽനിന്ന് പുറത്തിറക്കി.
ഡൽഹി വിമാനത്താവളത്തിൽനിന്ന് പുലർച്ചെ 1.09നാണ് വിമാനം ടേക്ക്ഓഫ് റണ്ണിന് ഒരുങ്ങിയത്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ടേക്ക്ഓഫ് റൺ തുടങ്ങിയതിനു പിന്നാലെ എൻജിനുകളിൽ ഒരെണ്ണം തകരാറിലാകുകയും തീപിടിക്കുകയുമായിരുന്നു എന്ന് അധികൃതർ പറഞ്ഞു.
‘ഡൽഹിയിൽ ഫ്ലൈറ്റ് എൽഎക്സ്147നുണ്ടായ അത്യാഹിതത്തെക്കുറിച്ച് അറിഞ്ഞു. എയർബസ് എ330, റജിസ്ട്രേഷൻ എച്ച്ബി–ജെഎച്ച്കെയ്ക്കാണ് അപകടമുണ്ടായത്. 228 യാത്രക്കാരും 4 കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്’ – സ്വിസ് എയർ പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാർ സുരക്ഷിതരാണെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
