താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാനാവില്ല -സുപ്രീംകോടതി
ന്യൂഡൽഹി: താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ നിർബന്ധിക്കാൻ ഒരുകോടതിക്കും സാധിക്കില്ലെന്ന് സുപ്രീംകോടതി. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിൽ ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് അനുമതിനൽകി.
കുട്ടിയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് ഗർഭം തുടരാൻ നിർബന്ധിക്കാനാകില്ലെന്നും ഗർഭിണിയുടെ തീരുമാനമാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. കുട്ടി ജനിച്ചാൽ ദത്ത് നൽകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും പെൺകുട്ടിയുടെ ശാരീരിക, മാനസികാരോഗ്യം പരിഗണിച്ച് അതംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
പ്രത്യുത്‌പാദനത്തിനുള്ള സ്വയംനിർണയാവകാശം മൗലികാവകാശത്തിന്റെ ഭാഗമാണ്. ഒരു സ്ത്രീയുടെ വീക്ഷണകോണിൽനിന്ന് വിഷയത്തെ സമീപിക്കണം. ഗർഭിണിയുടെ താത്പര്യത്തിനുവിരുദ്ധമായി കുട്ടിക്ക് ജന്മം നൽകണമെന്ന് ഒരു കോടതിക്കും പറയാനാകില്ല.
അത് പ്രതികൂലമായ അനന്തരഫലങ്ങൾ സൃഷ്ടിക്കും. മാനസികമായി തകർന്ന പെൺകുട്ടി ഒന്നിലേറെത്തവണ ആത്മഹത്യശ്രമം നടത്തിയതും സുപ്രീംകോടതി പരിഗണിച്ചു. നിയമപരമായ കാലയളവ് പിന്നിട്ടതോടെയാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്.
