അപ്രഖ്യാപിത ലോഡ്‌ഷെഡിങ് ഇല്ല; ഓവർലോഡാകുമ്പോൾ ട്രിപ്പ്‌ ആകുന്നതാ, വിശദീകരണവുമായി മന്ത്രി

Share our post

പാലക്കാട്: സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നതാണ് തടസങ്ങൾക്ക് കാരണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ വൈദ്യുതി തനിയെ നിലയ്ക്കുന്ന (ട്രിപ്പ്‌ ആകുന്ന) സാഹചര്യമാണ് ഉള്ളതെന്നും, ഇത് ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. പ്രത്യേകിച്ചും വൈകുന്നേരത്തെ പീക്ക് അവറുകളിൽ ഹീറ്റർ, വാഷിങ് മെഷീൻ തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. പ്രതിപക്ഷം ഈ കാര്യത്തിൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കടുത്ത വേനലും മഴക്കുറവും മൂലം വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. എസി എന്നത് ആഡംബരമെന്ന നിലയിൽ നിന്ന് മാറി പല വീടുകളിലും അനിവാര്യതയായി മാറിയത് രാത്രികാലങ്ങളിൽ ഓവർലോഡ് വർധിക്കാൻ കാരണമാകുന്നു. കരാറുകൾ പുതുക്കുന്നതിൽ കെഎസ്ഇബിക്ക് ഉണ്ടായ വീഴ്ചയും ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുൻകൂട്ടി വിവരങ്ങൾ ലഭ്യമായിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ കൃത്യമായി നടന്നില്ല എന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.

വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ് സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഒരാഴ്ച മുൻപുതന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് തുടങ്ങിയിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!