വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷംവീതം നൽകും; ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി
തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരുലക്ഷം വീതം സഹായം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് മുഖേനയാണ് ധനസഹായം നൽകുകയെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
‘നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
14 മരിച്ച മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനായി സർക്കാർ നിയോഗിക്കും.
