പേരാവൂരിൽ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
പേരാവൂർ: പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അർഭ്യർഥിച്ചു. പേരാവൂർ ടൗൺ വാർഡിലും കല്ലടി വാർഡിലുമാണ് ഒരു മാസത്തിനുള്ളിൽ ഏഴോളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. പേരാവൂർ സൈറസ് ആസ്പത്രിയിലെ രണ്ട് ജീവനക്കാർക്കും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹെൽത്തി കേരളയുടെ ഭാഗമായി പേരാവൂർ താലൂക്കാസ്പത്രിയിലെപൊതുജന ആരോഗ്യ വിഭാഗം ജീവനക്കാർ മേഖലയിലെ ഹോട്ടലുകൾ , ബേക്കറി, മറ്റു ഭക്ഷ്യ വസ്തു വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും പഴകിയ ഭക്ഷണ പദാർത്ഥം കണ്ടെത്തിഉടമകളെ കൊണ്ട് തന്നെ നശിപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. തുടർന്നും സംയുക്തപരിശോധനകളുണ്ടാവുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
താലൂക്കാസ്പത്രി ഹെല്‍ത്ത് ഇൻസ്പെക്ടർ പി.കെ.പ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജെ.എച്ച്.ജെമാരായ പി. രേഷ്മ ,പി. ഷംന എന്നിവർപങ്കെടുത്തു. പഞ്ചായത്തിന്റെ ശുചിത്വ പേരാവൂർ സുന്ദര പേരാവൂർ എന്ന മഴക്കാല പൂർവ ശുചികരണ യജ്ഞം സംഘാടക സമിതി യോഗം ചേർന്ന് പകർച്ച വ്യാധികൾ പടരുന്നത് തടയാൻ തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ പ്രധാന നിർദേശങ്ങൾ
1.തിളപ്പിച്ചാറിയവെള്ളം മാത്രം കുടിക്കുക
2.ഭക്ഷണ പദാർത്ഥം അടച്ചു വച്ച് സൂക്ഷിക്കുക
3.കക്കൂസിൽ പോയതിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
4.മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുക
