അഞ്ചു വയസ്സുകാരൻ വെള്ളച്ചാലിൽ വീണ് മരിച്ച സംഭവം: പാർക്കിനു ലൈസൻസില്ല, ഗുരുതര അനാസ്ഥ

Share our post

കൊച്ചി : അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം പാർക്ക് കാണാനെത്തിയ 5 വയസ്സുകാരൻ വെള്ളച്ചാലിൽ വീണു മരിച്ച സംഭവത്തിൽ നടന്നത് ഗുരുതര അനാസ്ഥ. ലൈസൻസ് ഇല്ലാതെയാണ് പാർക്ക് പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമായി. പഞ്ചായത്തിനു പുറമേ തടയിട്ടപറമ്പ് പൊലീസും പാർക്കിന് സ്റ്റോപ് മെമ്മോ നൽകി. പണം ഈടാക്കി സന്ദർശകരെ പ്രവേശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താനും വീഴ്ചയുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു.

കഴിഞ്ഞ ദിവസമാണ് കിഴക്കമ്പലം പഴങ്ങനാട് ലയൺസ് ജംഗിള്‍ പാര്‍ക്കില്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം എത്തിയ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകന്‍ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ സ്കൂളിലെ വിദ്യാർഥിയായിരുന്നു ആദം.

സംസാരവൈകല്യമുള്ള ആദത്തിന്റെ ചികിത്സയ്ക്കായി കുടുംബം ആരിഫയുടെ കുടുംബത്തിന്റെ തമ്മനത്തുള്ള വീട്ടിൽ താമസിക്കുകയായിരുന്നു. അധ്യാപകർക്കും സഹപാഠികളായ 25ഓളം പേർക്കുമൊപ്പം പാർക്കിലെത്തിയ ആദത്തെ ഉച്ചഭക്ഷണ സമയത്ത് കാണാതാവുകയായിരുന്നു. അധ്യാപകരിലൊരാൾ ഓടിപ്പോയ മറ്റൊരു കുട്ടിയുടെ പിന്നാലെ പോയപ്പോൾ ആദത്തെ മുറിയിൽ നിർത്തിയിരുന്നു എന്നും എന്നാൽ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിന് നൽകിയ വിശദീകരണം. പിന്നീട് പാർക്കിന്റെ പിന്നിലായുള്ള വെള്ളച്ചാലിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ ആദത്തെ കണ്ടെത്തുകയായിരുന്നു. ജീവൻ രക്ഷിക്കാനായില്ല.

പാർക്കിൽ എത്തുന്നവർക്ക് ബോട്ട് സവാരി നടത്തുന്നതിനായി നിർമിച്ച വെള്ളച്ചാലിലാണ് കുട്ടി വീണത്. ഇതാകട്ടെ നിർമാണത്തിലിരിക്കുന്നതാണ്. പാർക്കിൽ ആവശ്യത്തിനു സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപവും പൊലീസ് അന്വേഷിക്കുന്നുണ്ട്. യാതൊരു വിധത്തിലുള്ള ലൈസൻസും ഇല്ലാതെയാണ് 18 ഏക്കറോളം വരുന്ന പാർക്ക് ഇത്രനാളും പ്രവർത്തിച്ചിരുന്നത് എന്ന വിവരവും പുറത്തു വന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. കേരള പഞ്ചായത്ത് രാജ് ആക്ട് ചട്ടം 3 പ്രകാരം തുറസായ സ്ഥലത്തു പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല എന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.

അതിനിടെ, പാർക്ക് അധികൃതർ ലൈസൻസിന് അപേക്ഷിച്ചതാണെന്നും ലൈസൻസ് ആവശ്യമില്ലെന്ന് സെക്രട്ടറിയാണ് പറഞ്ഞതെന്ന ആരോപണവുമായി പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി രംഗത്തെത്തി. പഞ്ചായത്ത് സെക്രട്ടറി ടി.അജി ഈ ആരോപണം നിഷേധിച്ചു. ഓപ്പൺ ജിമ്മും വിശ്രമകേന്ദ്രവും തുടങ്ങുന്നതിനായാണ് ഉടമകൾ സമീപിച്ചതെന്നും ഇതിന് ലൈസൻസിന്റെ ആവശ്യമില്ല എന്നാണ് വിവരാവകാശത്തിന് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

പണം വാങ്ങിയാണ് പാർക്കിലേക്കുള്ള പ്രവേശനമെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും ജനപ്രതിനിധികളോ മറ്റാരെങ്കിലുമോ ഇക്കാര്യം പരാതിയായി അറിയിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. അതായത്, ആറു മാസത്തിലേറെയായി ഒട്ടേറെ പേർ കുട്ടികളുമായി വന്നു പോവുകയും സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചാരം കിട്ടുകയും ചെയ്ത പാർക്കിന് ലൈസൻസ് ഇല്ലായിരുന്നു എന്ന് പഞ്ചായത്തംഗങ്ങളോ ഉദ്യോഗസ്ഥരോ അറിഞ്ഞിരുന്നില്ല എന്നാണ് ന്യായം. കുട്ടികൾക്ക് 75 രൂപയും മുതിർന്നവർക്ക് 50 രൂപയും ടിക്കറ്റ് ഈടാക്കിയായിരുന്നു പ്രവേശനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!