മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ മഞ്ഞവരയിൽ ചവിട്ടല്ലേ, അലാം മുഴങ്ങും; 10 സ്റ്റേഷനുകളിൽ കൂടി നടപ്പാക്കാൻ ആലോചന

Share our post

കൊച്ചി ∙ മെട്രോ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലല്ല, അലാം മുഴങ്ങും. പ്ലാറ്റ്ഫോമിലെ മഞ്ഞവര കടക്കാൻ പാടില്ലെന്നാണു നിയമം. ട്രെയിനിൽ കയറാനോ ഇറങ്ങാനോ വേണ്ടി മാത്രമേ മഞ്ഞവര കടക്കാൻ പാടുള്ളു. അല്ലാതെ കടന്നാൽ വിസിലൂതി സെക്യൂരിറ്റി ഗാർഡ് അടുത്തേക്കുവരും. പരമ്പരാഗത രീതി പരിഷ്കരിക്കാൻ കെഎംആർഎൽ സ്വന്തമായി സംവിധാനം വികസിപ്പിച്ചെടുത്തു; പേര് പ്ലാറ്റ്ഫോം യെലോ ലൈൻ ക്രോസിങ് ഡിറ്റക്‌ഷൻ ആൻഡ് വാണിങ് സിസ്റ്റം. പേരു പോലെ അത്ര നീളമുള്ളതല്ല ടെക്നോളജി.

പ്ലാറ്റ്ഫോമിന്റെ രണ്ട് അറ്റങ്ങളിലും ഇൻഫ്രാറെഡ് കിരണങ്ങളുടെ 2 ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നു മഞ്ഞ വരയ്ക്കു സമാന്തരമായി ഇൻഫ്രാറെഡ് രശ്മികൾ ഉണ്ട്. ഇത് തടസ്സപ്പെട്ടാൽ ഉടൻ സൈറൺ അടിക്കും. ലൈൻ ക്രോസ് ചെയ്യുമ്പോഴാണു ഇൻഫ്രാറെഡ് രശ്മികൾ തടസ്സപ്പെടുന്നത്. ഏറ്റവും തിരക്കുള്ള ഇടപ്പള്ളി സ്റ്റേഷനിൽ ഇതു സ്ഥാപിച്ചിട്ട് 2 വർഷമായി. അവിടെ വിജയമെന്നു കണ്ടതിനാൽ കലൂർ സ്റ്റേഡിയം സ്റ്റേഷനിലും ഇപ്പോൾ നടപ്പാക്കി.

10 സ്റ്റേഷനുകളിൽ കൂടി നടപ്പാക്കാൻ ആലോചനയുണ്ട്. പുതിയ സംവിധാനം നടപ്പാക്കിയാലും സെക്യൂരിറ്റി ഗാർഡുകളുടെ നിരീക്ഷണം തുടരും. നിരന്തരമുള്ള മുന്നറിയിപ്പു മൂലം മഞ്ഞ വര കടക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. സൈറൺ കൂടി വച്ചതോടെ അതു തീർത്തും ഇല്ലാതാകുമെന്നാണു കെഎംആർഎൽ കരുതുന്നത്. സൈറൺ മുഴങ്ങുന്ന നിമിഷം തന്നെ പലരും കാൽ മാറ്റുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!