നഗരമധ്യത്തിൽ അധോലോകം; ലോൺ ആപ് ഗുണ്ടകൾ പൊലീസിനെയും തടഞ്ഞു: നേരിട്ടത് വലിയ പ്രതിസന്ധികൾ
കണ്ണൂർ ∙ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അനധികൃത ലോൺ ആപ് സംഘത്തെ പിടികൂടാൻ ഡൽഹിക്കു സമീപം നോയിഡയിലെത്തിയ പൊലീസ് സംഘം നേരിട്ടത് വലിയ പ്രതിസന്ധികൾ. മൂന്നുപേരെ അറസ്റ്റ് ചെയ്ത് പുറത്തിറങ്ങിയ പൊലീസ് സംഘത്തെ ഗുണ്ടകൾ തടഞ്ഞുവച്ചു. പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐ വി.മിഥുനെ പിടിച്ചുവച്ചു. ഇതെല്ലാം തരണംചെയ്താണ് പ്രതികളുമായി പൊലീസ് കേരളത്തിലെത്തിയത്. ഇൻസ്റ്റ പേ (ഇൻസ്റ്റന്റ് ഫണ്ട്സ്) ലോൺ ആപ്പിന്റെ ആസ്ഥാനം പ്രവർത്തിച്ച കെട്ടിടത്തിൽ ബോർഡോ പേരോ ഇല്ല. അകത്തു പക്ഷേ, ഐടി സ്ഥാപനങ്ങൾക്കു സമാനമായ സൗകര്യങ്ങളാണ്. ഓഫിസ് പ്രവർത്തിച്ച കെട്ടിടത്തിന്റെ ഉടമ തന്നെയാണ് ലോൺ ആപ്പിന്റെ ഉടമയെന്നാണു വിവരം. അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തെക്കുറിച്ച് നോയിഡ പൊലീസിനും ഒന്നുമറിയില്ല.
ആപ് വഴി 15,000 രൂപ ലോണെടുത്ത നിതിൻരാജിന് സംഘം നൽകിയത് 13,250 രൂപയാണ്. തിരിച്ചടയ്ക്കേണ്ടിയിരുന്നത് 39,500 രൂപയും. വായ്പയ്ക്ക് റഫറൻസായി അമ്മ ലതയുടെ നമ്പർ നിതിൻ നൽകിയിരുന്നു. എന്നാൽ, നിതിൻരാജിന്റെ ഫോൺ കോൺടാക്ട് കൈവശപ്പെടുത്തിയ വായ്പ ഏജൻസി അതിലുള്ള പലരെയും വിളിച്ചു. കോൺടാക്ട് ലിസ്റ്റിൽ ‘ലത മാം’ എന്ന പേരിലായിരുന്നു അധ്യാപികയുടെ നമ്പർ. ഇത് അമ്മയുടെ നമ്പറെന്ന് ധരിച്ചായിരിക്കാം, അധ്യാപികയെ നിരന്തരം വിളിച്ചത്. നിതിന്റെ മരണശേഷം അധ്യാപികയുടെ ഫോണുമായാണ് പൊലീസ് സംഘം ബുധനാഴ്ച ഡൽഹിക്കു തിരിച്ചത്. ലോൺ സംഘത്തിന്റെ വിളികൾ അപ്പോഴും വന്നുകൊണ്ടിരുന്നു. പണം നൽകാമെന്നും അതിനു ശ്രമിക്കുകയാണെന്നും പറഞ്ഞ് വായ്പസംഘത്തെ പൊലീസ് സജീവമാക്കി നിർത്തി. നിതിന്റെ മരണം അവർ അറിഞ്ഞിരുന്നില്ല. വ്യാഴം വൈകിട്ട് മൂന്നോടെ വായ്പസംഘത്തിന്റെ കെട്ടിടം പൊലീസ് കണ്ടെത്തി.
നോയിഡ പൊലീസിലെ നാലുപേരും സഹായത്തിനുണ്ടായിരുന്നു. കേരള പൊലീസ് എത്തുമ്പോൾ നാൽപതോളം ജീവനക്കാർ ഓഫിസിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി ഭീഷണിപ്പെടുത്തുന്നതും നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം ഇവിടെനിന്നാണ്. ലോണെടുത്തവരെ വിളിക്കാൻ പ്രതികൾ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നത്. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സിം ബോക്സുകൾക്കു കഴിയും. സിംകാർഡുകളും ബോക്സുകളും പൊലീസ് പിടിച്ചെടുത്തു.
