ജീവനക്കാർ കുറവ്; ജയിലുകളിൽ അന്തേവാസികൾ 21 മണിക്കൂറോളം അഴിക്കുള്ളിൽ,സൂര്യാഘാതം ഒഴിവാക്കാനെന്ന് ന്യായം

Share our post

തൃശ്ശൂർ: ജയിലുകളിൽ ജീവനക്കാരുടെ കുറവുകാരണം അന്തേവാസികൾ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യത മുൻനിർത്തി പരമാവധി സമയം ലോക്കപ്പിലിടുന്നു. ജയിൽനിയമപ്രകാരമുള്ള ജീവനക്കാരുടെ കുറവാണ് ജയിൽചട്ടങ്ങൾ പാലിക്കാതെയുള്ള ലോക്കപ്പിലേക്ക് നയിക്കുന്നത്.

മിക്ക ജയിലുകളിലും പാർപ്പിക്കാവുന്ന പരമാവധി അന്തേവാസികളുടെ ഇരട്ടിയോളം പേരുണ്ട്. ജീവനക്കാരാകട്ടെ ആവശ്യമുള്ളതിലും പകുതി മാത്രം. തൃശ്ശൂരിലെ സെൻട്രൽ ജയിലിൽ അന്തേവാസികളുടെ ആകെ ശേഷി 550 ആണ്. എന്നാൽ ഇപ്പോഴുള്ളത് 1167 പേരാണ്.

ആറു അന്തേവാസിക്ക് ഒരു ജീവനക്കാരൻ എന്ന ജയിൽ നിയമപ്രകാരം 200 ജീവനക്കാർ വേണം. ഇപ്പോൾ ജീവനക്കാർ 140 ആണ്. ഇവരിൽ പത്തു പേർ ദീർഘകാല അവധിയിലാണ്. ഒരു ഷിഫ്റ്റിൽ പരമാവധി 40 പേരാണ് ഉണ്ടാകുക. ഇവരിൽ 15 പേരോളം ഒാഫീസിലും മറ്റു ജോലികളിലുമായിരിക്കും.

വെറും 25 പേരാണ് ഒരു സമയം 1167 അന്തേവാസികളെ നിയന്ത്രിക്കേണ്ടത്. എല്ലാവരേയും തുറന്നുവിടുന്നതോടെ അന്തേവാസികൾ സംഘടിച്ച് ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയേക്കാമെന്നതിനാലാണ് ലോക്കപ്പ് സമയം ദീർഘിപ്പിച്ചത്. ജയിലുകളിൽ 40 ശതമാനത്തോളം വിചാരണത്തടവുകാരാണ്. അവരെയാണ് ലോക്കപ്പിൽ ദീർഘസമയം ഇടുന്നത്.

പ്രശ്നസാധ്യതയുള്ളവരേയും കാപ്പാതടവുകാരേയും ദീർഘനേരം ലോക്കപ്പിലിടുന്നുണ്ട്. രാവിലേയും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണ സമയത്ത് ഒരു മണിക്കൂർ മാത്രമാണ് ലോക്കപ്പിന് പുറത്തിറക്കുന്നത്. എല്ലാവരേയും ഒരുമിച്ച് പുറത്തിറക്കാറുമില്ല. ഇതോടെ അന്തേവാസികളെ 21 മണിക്കൂർ പൂട്ടിയിടുന്നെന്ന പരാതിയും ഉയരുന്നുണ്ട്.

2014-െല ജയിൽ റൂൾ പ്രകാരം രാവിലെ ആറരയ്ക്ക് തുറക്കുന്ന വാർഡുകളും ബ്ലോക്കുകളും ബാരക്കുകളും വൈകീട്ട് ജയിൽ ക്ലോസ് സമയമായ ആറിന് മാത്രമേ അടയ്ക്കാവൂ. അന്തേവാസികളുടെ ബാഹുല്യം കാരണം അവർക്ക് ലഭിക്കേണ്ട സൗകര്യങ്ങളും കുറയുന്നുണ്ട്. ജയിലുകളിൽ അടിസ്ഥാന ശേഷിക്കനുസരിച്ചാണ് ഫോൺവിളി സൗകര്യം ഒരുക്കിയിരിക്കുന്നത്.

അന്തേവാസികൾ ഇരട്ടിയായതോടെ ഫോൺവിളി സൗകര്യം പരിമിതപ്പെടുത്തേണ്ടിയും വരുന്നുണ്ട്. ഒരാൾക്ക് പ്രതിമാസം 450 രൂപയ്ക്ക് ഫോൺ വിളിക്കാനുള്ള അനുമതി പൂർണമായും വിനിയോഗപ്പെടുത്താനാകുന്നില്ല.

ജയിൽ അധികൃതർ പറയുന്നത്- ജയിലുകളിൽ ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. പക്ഷേ അതുകാരണമല്ല ലോക്കപ്പ് സമയം കൂട്ടിയത്. ചൂടുകാലത്ത് സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാണ്. ശിക്ഷാത്തടവുകാരുടെ ലോക്കപ്പ് സമയം കൂട്ടിയിട്ടില്ല.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!