‘ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം’; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്

Share our post

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. യുവതി പ്രവേശന വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം കേൾക്കാതെ വിലക്ക് റദ്ദാക്കുന്നതെങ്ങനെയെന്ന് ജ. എം.എം. സുന്ദരേഷ് ആരാഞ്ഞു.

യുവതി പ്രവേശന വിലക്കിനെ പിന്തുണച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദം ഉന്നയിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിർണ്ണായക നിരീക്ഷണം ഉണ്ടായത്. യുവതിപ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിച്ചത് വിശ്വാസികളല്ലെന്ന് ജ. ബി.വി. നാഗരത്ന ഇന്നും ആവർത്തിച്ചു. ആ ഹർജി പരിഗണിക്കരുതായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രയായപെട്ടു.

നൂറ് വർഷമായി നിലനിൽക്കുന്ന ശബരിമലയിലെ ആചാരവും 150 വർഷത്തിലധികമായി നിലനിൽക്കുന്ന ഗുരുവായൂരിലെ ആചാരവും പൊതുതാൽപ്പര്യ ഹർജിയിലൂടെ എങ്ങനെ ചോദ്യം ചെയ്യാൻ കഴിയുമെന്നും അഭിഷേക് മനു സിംഗ്‌വി ആരാഞ്ഞു. രാജ്യത്ത് ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ട്. എന്നാൽ ശബരിമലയിൽ മാത്രമാണ് യുവതി പ്രവേശന വിലക്ക് ഉള്ളത്. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്‌മചാരിയാണ്. മതാചാരങ്ങളിൽ ജുഡീഷ്യൽ പരിശോധന പാടില്ലെന്നും അഭിഷേക് മനു സിംഗ്‌വി വാദിച്ചു.

ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവരെ തീരുമാനിക്കേണ്ടത് അതത് മത വിഭാഗത്തിൽപെട്ടവരാണെന്ന എൻഎസ്എസ് വാദത്തെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ എതിർത്തു. പൊതു ക്ഷേത്രങ്ങളിൽ വർഗം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ വിലക്ക് പാടില്ലെന്ന് അഭിഷേക് മനു സിംഗ്‌വി വാദിച്ചു. അതെസമയം ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവർ അവിടുത്തെ ആചാരങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി. അഭിഷേക് മനു സിംഗ്‌വിക്ക് പുറമെ അഭിഭാഷകൻ പി.എസ്. സുധീറും ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!