മണ്ഡല പുനർനിർണയം ഫെഡറൽ സംവിധാനത്തെ തകർക്കും, ഉത്തരേന്ത്യൻ ആധിപത്യത്തെ സീറ്റുകളാക്കുന്നു-മുഖ്യമന്ത്രി
തിരുവനന്തപുരം: ധൃതിപ്പെട്ടുള്ള മണ്ഡല പുനർനിർണയത്തിലൂടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന സംശയമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഭരണപരിഷ്‌കാരം എന്നതിനപ്പുറം സംസ്ഥാനങ്ങളുടെ അവകാശങ്ങളേയും തുല്യനീതിയേയും സാരമായി ബാധിക്കുന്ന ഗൂഢനീക്കമാണ് ഇതിന് പിന്നിലുള്ളതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനങ്ങളുമായി സമവായത്തിലെത്താതെയാണ് കേന്ദ്രം ഇത്തരം നിർണായക വിഷയങ്ങളിൽ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം കൂടുതൽ സീറ്റുകളാക്കി മാറ്റി ഉറപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിന്റെ നേരിട്ടുള്ള ആഘാതം കേരളംപോലുള്ള സംസ്ഥാനങ്ങൾക്കാണ്. ജനസംഖ്യാ നിയന്ത്രണം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിൽ മികച്ച മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് പുതിയ പരിഷ്‌കാരം.കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും നൽകുന്നത് ന്യായമായ ഫെഡറൽ ക്രമമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്ടവും നിയന്ത്രിക്കാതിരുന്നാൽ നേട്ടവും എന്ന തെറ്റായ സന്ദേശമാണ് ഈ നീക്കം നൽകുന്നത്. സ്വാതന്ത്ര്യാനന്തരം കേന്ദ്ര സർക്കാരുകൾ തന്നെ പ്രോത്സാഹിപ്പിച്ച കുടുംബാസൂത്രണ നയങ്ങളനുസരിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ പ്രാതിനിധ്യം കുറയുകയും വീഴ്ച വരുത്തിയവർക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്. സ്ത്രീസംവരണംപോലുള്ള സാമൂഹികനീതി വിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഇതിന് മറയാക്കി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ജനാധിപത്യമെന്നത് കേവലം ഭൂരിപക്ഷം എന്ന സാങ്കേതികത്വം മാത്രമല്ല, മറിച്ച് നീതിയുടേയും സമതുലിത പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനിൽക്കേണ്ടത്. ഫെഡറൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ ബഹുമാനവും യുക്തിസഹമായ പ്രാതിനിധ്യവും ഉറപ്പാക്കണം. ഇല്ലെങ്കിൽ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനുള്ള കുറുക്കുവഴിയായി മണ്ഡല പുനർനിർണയ ബില്ലിനെ കാണേണ്ടിവരുമെന്നും കേന്ദ്ര സർക്കാർ ഈ ജനാധിപത്യ വിരുദ്ധ നീക്കത്തിൽനിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
