വയനാട്ടിലെ അത്യുഷ്ണം: കാരണങ്ങളിലൊന്ന് വനത്തിലെ ഏകവിളത്തോട്ടങ്ങൾ
കൽപ്പറ്റ: മീനം പാതി കഴിഞ്ഞതുമുതൽ വയനാട്ടിൽ രാവും പകലും അനുഭവപ്പെടുന്ന അത്യുഷ്ണത്തിന് കാരണങ്ങളിലൊന്ന് വനത്തിലെ ഏകവിളത്തോട്ടങ്ങളാണെന്ന് പരിസ്ഥിതി പ്രവർത്തകർ. നിയമ തടസങ്ങൾ നീക്കി കാടുകളിലെ തേക്കുതോട്ടങ്ങളിൽ അടച്ചുവെട്ട് നടത്തുകയും സ്വാഭാവിക വൃക്ഷങ്ങൾ നട്ടുവളർത്തുകയും ചെയ്താൽ ജില്ലയിൽ വേനലിലെ അത്യുഷ്ണം പഴങ്കഥയാകുമെന്ന് പരിസ്ഥിതി സംരക്ഷണത്തിൽ അനുഭവ സന്പത്തുള്ളവർ പറയുന്നു.
വ്യാവസായിക ആവശ്യം മുൻനിർത്തി 1950 മുതൽ 1980കളുടെ തുടക്കം വരെ സ്വാഭാവിക വനങ്ങൾ വെട്ടിത്തെളിച്ച് ഉണ്ടാക്കിയ ഏകവിളത്തോട്ടങ്ങളിൽ ജൈവ വൈവിധ്യത്തിന്റെ സന്പൂർണ നാശമാണ് സംഭവിച്ചതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ, പുളിയാർമല ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് എന്നിവർ പറഞ്ഞു. നൈസർഗിക വൃക്ഷങ്ങൾ വളരുന്ന വനപ്രദേശങ്ങളെ അപേക്ഷിച്ച് തേക്കുതോട്ടങ്ങളിൽ താപനില മൂന്ന്-നാല് ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.
വിസ്താരമേറിയ പാറക്കൂട്ടങ്ങളിലേതിലും കൂടുതൽ ചൂടാണ് തേക്കുതോട്ടങ്ങൾ പ്രസരിപ്പിക്കുന്നത്. തേക്ക് ഏകവിളയായി കൃഷിചെയ്യുന്ന പ്രദേശത്ത് മറ്റിനം മരങ്ങളും അടിക്കാടും വളരില്ല. വൻതോതിൽ ജലം വലിക്കുന്ന തേക്കുകൾ വനത്തിൽ അരുവികൾ വറ്റുന്നതിനും ഭൂഗർഭ ജലനിരപ്പ് താഴുന്നതിനും ഇടയാക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
വനത്തിലെ ഏകവിളത്തോട്ടങ്ങളോടു ചേർന്നുള്ള കൃഷിയിടങ്ങളിലാണ് വന്യജീവി ശല്യം രൂക്ഷം. തേക്കും യൂക്കാലിയും കാറ്റാടിയും നട്ടുവളർത്തുന്ന വനപ്രദേശങ്ങളിൽ അടിക്കാട് വളരാത്തതും ജലസ്രോതസുകൾ വറ്റുന്നതുമാണ് കാടിനോടു ചേർന്നുള്ള കൃഷിയിടങ്ങളിലെ വർധിച്ച വന്യജീവിശല്യത്തിനു മുഖ്യകാരണമെന്ന് ബാദുഷയും മറ്റും പറഞ്ഞു.
ബ്രിട്ടീഷ് സർക്കാരാണ് കേരളത്തിൽ ചെറിയ തേക്കുതോട്ടങ്ങൾ ആരംഭിച്ചത്. കപ്പൽ, റെയിൽവേ ആവശ്യങ്ങൾക്ക് വേണ്ടത്ര തേക്കു വനത്തിൽനിന്നു ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. ബ്രീട്ടീഷ് വാഴ്ച അവസാനിച്ചതിനുശേഷം അധികാരത്തിൽ വന്ന ജനകീയ സർക്കാരുകൾ ആയിരക്കണക്കിനു ഏക്കർ സ്വാഭാവിക വനം ഏകവിളത്തോട്ടങ്ങളാക്കി. നിലവിൽ ഏകദേശം അര ലക്ഷം ഏക്കർ തേക്കുതോട്ടമാണ് കേരളത്തിൽ. ഇതിൽ 30,000 ഏക്കറും വയനാട്ടിലാണ്. ജില്ലയിൽ സൗത്ത് വയനാട്, നോർത്ത് വയനാട്, വൈൽഡ് ലൈഫ് ഡിവിഷനുകളിലായി 200 ചതുരശ്ര കിലോമീറ്ററോളം തേക്ക്, യൂക്കാലിപ്ട്സ്, കാറ്റാടി തോട്ടങ്ങളുണ്ട്. 344.4 ചതുരശ്ര കിലോമീറ്റർ വരുന്ന വന്യജീവി സങ്കേതത്തിൽ മാത്രം 101.48 ചതുരശ്ര കിലോമീറ്റർ ഏകവിളത്തോട്ടമാണ്.
ഏകവിളത്തോട്ടങ്ങളാക്കിയ കാട് നൈസർഗിക വനമാക്കുന്നതു സംബന്ധിച്ച് വിദഗ്ധ സമിതി വർഷങ്ങൾക്ക് മുന്പ് സമർപ്പിച്ച റിപ്പോർട്ട് ചുവപ്പുനാടയിലാണ്. സംസ്ഥാനത്തിന് തടി ഇറക്കുമതിയിലുടെ ഉണ്ടാകുന്ന ചെലവ്, മുറിച്ചുവിൽക്കാൻ കഴിയാത്ത വിധത്തിൽ വന്യജീവി സങ്കേതങ്ങളിലും മറ്റുമുള്ള തേക്ക് പ്ലാന്റേഷനുകളുടെ വിസ്തീർണം, പ്ലാന്റേഷനുകൾ സ്വാഭാവിക വനമാക്കിയാലുണ്ടാകുന്ന ഗുണം തുടങ്ങിയ കാര്യങ്ങളിലാണ് സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
