സ്വന്തം സുരക്ഷ സ്വയം ഏർപ്പെടുത്തണം; സി.സി ടിവി സ്ഥാപിക്കാൻ പൊലീസ് കത്ത്
പയ്യന്നൂർ (കണ്ണൂർ): നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അക്രമങ്ങൾ തുടരുന്ന പയ്യന്നൂരിൽ, സ്റ്റേഷൻ പരിധിയിലെ വ്യക്തികളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വന്തം വീടുകളിലും സ്ഥാപനങ്ങളിലും സിസി ടിവി കാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകി. പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒപ്പിട്ട് ഔദ്യോഗിക മുദ്രയോടെ 2026 ഏപ്രിൽ 11ന് നൽകിയ ഈ കത്ത് ഇപ്പോൾ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. നഗരസഭ തിരഞ്ഞെടുപ്പിൽ കാര വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച സി.പി.എം. വിമതൻ സി. വൈശാഖിനാണ് കത്ത് ലഭിച്ചത്. ‘പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തികൾക്കും സ്വത്തുക്കൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താങ്കളുടെ വീട്ടിൽ/ സ്ഥാപനത്തിൽ സിസി ടിവി കാമറ സ്ഥാപിക്കാൻ താൽപര്യം’ ഇങ്ങനെയാണ് കത്തിന്റെ ഉള്ളടക്കം. തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൈശാഖിന് ഇതിനകം പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, ഇതേ രീതിയിൽ പൊലീസ് സംരക്ഷണത്തിലുള്ള മറ്റ് പലർക്കും ഇത്തരം കത്തുകൾ ലഭിച്ചതായി അറിയുന്നു.. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്. സംഘർഷ മേഖലകളിൽ ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിനു പകരം, കാമറ സ്ഥാപിക്കുന്നതിന്റെ ചെലവ് കൂടി ഭീഷണി നേരിടുന്ന പൗരന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ് പൊലീസെന്നാണ് വിമർശനം. സംഘർഷ സാദ്ധ്യതാ മേഖലകളിൽ കാമറ ഘടിപ്പിച്ച 10 ഫ്‌ലൈയിംഗ് സ്‌ക്വാഡ് വാഹനങ്ങൾ വിന്യസിച്ചിട്ടുണ്ട്.
