രാഷ്ട്രീയ വാഗ്ദാനങ്ങളിലെ ‘ഗ്യാരണ്ടി’ എന്ന തന്ത്രം; വാഗ്ദാനങ്ങൾ വാങ്ങുന്നതിനുമുമ്പ് അതിന്റെ വിലയറിയണം

Share our post

തിരഞ്ഞെടുപ്പ് കാലത്തു ഗ്യാരണ്ടികൾ ധാരാളമായി വിൽക്കപ്പെടുന്നു. പക്ഷെ, വാസ്തവത്തിൽ നമ്മൾ വാങ്ങുന്നത് കുറെ സംശയങ്ങളാണ്‌. പരസ്യത്തിൽ, ഒരു കാര്യം അസാധാരണമാംവിധം നന്നായി ചെയ്യാൻ പഠിച്ചവരാണ് ഞങ്ങൾ, മനുഷ്യരെ പറഞ്ഞു വിശ്വസിപ്പിക്കുക. ഒരു ഉൽപ്പന്നം എടുത്ത്, അതിന്റെ ഏറ്റവും ആകർഷകമായ വശം കണ്ടെത്തി, അതിനെ ലളിതമാക്കി, അല്പം നാടകീയമാക്കി, ആളുകൾക്ക് “ഇത് വേണം” എന്ന് തോന്നുന്ന വിധത്തിൽ അവതരിപ്പിക്കുക.

മികച്ച ക്യാമ്പെയ്‌നുകൾ ഉല്പന്നത്തെക്കുറിച്ചുള്ള വിവരം മാത്രമല്ല നൽകുന്നത്, അവ ആഗ്രഹം സൃഷ്ടിക്കുന്നു. വിശ്വാസം സൃഷ്ടിക്കുന്നു. ചിലപ്പോൾ സംശയത്തിനുപോലും ഇട നൽകാതെ വിശ്വസിപ്പിക്കുന്നു. അതുകൊണ്ടാണ് രാഷ്ട്രീയ പരസ്യങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും ഞങ്ങൾ അല്പം വ്യത്യസ്തമായി അതിനെ കാണുന്നത്.

വലിയ വാഗ്ദാനങ്ങൾ, പാക്ക് ചെയ്ത വാക്കുകൾ, ‘ഗ്യാരണ്ടി’, ‘ഉറപ്പ്’ പോലുള്ള ശക്തമായ ഭാഷ- ഒരു പരസ്യത്തിന്റെ മാനദണ്ഡത്തിൽ നോക്കിയാൽ ഇത് മികച്ച ആശയവിനിമയമാണ്. പക്ഷേ, ഇവിടെ ഒരു വിടവുണ്ട്. പരസ്യത്തിൽ, വാഗ്ദാനത്തിന് ശേഷം ഉൽപ്പന്നം വരും. എന്നാൽ, ഭരണത്തിൽ വാഗ്ദാനത്തിനുശേഷം നടപ്പാക്കലാണ് വരേണ്ടത്. അവിടെ തന്നെയാണ് പലപ്പോഴും വിടവ് തുടങ്ങുന്നത്. ഇത് നമ്മൾ ഇതിന് മുമ്പും കണ്ടിട്ടുണ്ട്.

‘ഗ്യാരണ്ടി’കളെ ചുറ്റിപ്പറ്റി ഒരു കഥ ഉണ്ടായിരുന്നു. സ്ത്രീകൾക്ക് സഹായം, കർഷകർക്ക് ഉറപ്പ്, യുവാക്കൾക്ക് അവസരം. അത് വിശ്വസിപ്പിക്കുന്നതും ആകർഷകവുമായിരുന്നു. അത് ആളുകൾ വിശ്വസിച്ചു. എന്നാൽ, മാസങ്ങൾക്കുശേഷം ആ കഥ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്നതു നാം കണ്ടു. വിശ്വാസം പതുക്കെ ക്ഷയിക്കാൻ തുടങ്ങി. നമ്മുടെ അയൽ സംസ്ഥാനനത്തും ഇതേ പാഠത്തിന്റെ മറ്റൊരു പതിപ്പാണ് നാം കണ്ടത്. വാഗ്ദാനങ്ങളാൽ നിറഞ്ഞ പ്രഖ്യാപനപത്രം. പക്ഷേ, ഒരു വർഷം കഴിഞ്ഞിട്ടും അവയിൽ പലതും നടപ്പിലാകാത്ത അവസ്ഥ.

ഉദ്ദേശ്യം, അഭിലാഷം, ഉറപ്പ് എന്നിവ പ്രഖ്യാപനത്തിനും പ്രകടന പത്രികയ്ക്കും പുറത്തേക്ക് പലപ്പോഴും വന്നില്ല. സ്വതന്ത്ര വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത് ആ വാഗ്ദാനങ്ങളിൽ പലതും ഇപ്പോഴും വിവിധ ഘട്ടങ്ങളിലാണെന്നോ അർഥവത്തായ ഒരു നീക്കവും നടത്തിയിട്ടില്ലെന്നോ ആണ്. പ്രഖ്യാപനവും യാഥാർഥ്യവും തമ്മിലുള്ള അകലം മിക്ക തിരഞ്ഞെടുപ്പുകളിലും സംസ്ഥാന, രാഷ്ട്രീയ ഭേദമെന്യേ ഒരുപോലെയാണ്.

ഇത് പ്രത്യേകിച്ച് ഒരു പാർട്ടിയെക്കുറിച്ചല്ല. ഇത് ഒരു പാറ്റേണിനെക്കുറിച്ചാണ്. ആദ്യം ശക്തമായ ഒരു വാഗ്ദാനം സൃഷ്ടിക്കുക. പക്ഷെ, അത് എങ്ങനെ പ്രാവർത്തികമാക്കാമെന്നതിനെപ്പറ്റി ചിന്തിക്കാതെ അതിന് പ്രചാരണം നൽകി വോട്ട് ആകർഷിക്കുക. ആശയവിനിമയത്തിന്റെ അതേ വ്യാകരണം എല്ലാ മുന്നണികളിലും ഒരേപോലെ ദൃശ്യമാണ്. ഭാഷ,ഘടന, ആത്മവിശ്വാസം, വാഗ്ദാനങ്ങൾ, വാക്കുകൾ ഇവയെല്ലാം പരിചിതമാണ്. കഥ വിശ്വസിക്കാൻ എളുപ്പവുമാണ്.

ഇത് സാധ്യമാകുമോ? ഈ വാഗ്ദാനങ്ങളുടെ വില എന്താണ്? ഫണ്ടിങ് മോഡൽ എവിടെയാണ്? ഈ പദ്ധതികൾ ദീർഘകാലം നിലനിർത്താനാകുമോ? ഇതിനായി എന്തെല്ലാം വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും? ഈ വക ചോദ്യങ്ങൾ ഉണ്ടാകുന്നത് തിരഞ്ഞെടുപ്പിന് ശേഷമാണ്. തിരഞ്ഞെടുപ്പിനുമുമ്പ് ആരും ഇത് ആലോചിക്കാറില്ല. നിർഭാഗ്യവശാൽ വോട്ടർമാർ പോലും.

പരസ്യത്തിൽ, അമിത വാഗ്ദാനം ചെയ്ത് അതിൽ കുറച്ച് നൽകുകയാണെങ്കിൽ ഉപഭോക്താവ് ഒരിക്കൽ ക്ഷമിച്ചേക്കാം. രണ്ടാമതും ക്ഷമിച്ചേക്കാം. പിന്നെ ബ്രാൻഡിൽ വിശ്വാസം നഷ്ടപ്പെടും. ഭരണത്തിൽ അങ്ങനെയല്ല, അതിന്റെ വില വളരെ കൂടുതലാണ്. കാരണം ഇത് വിശ്വാസത്തിന്റെ കാര്യം മാത്രമല്ല. ജനങ്ങളുടെ ജീവിതത്തിന്റെ കാര്യമാണ്. വൈകി ലഭിക്കുന്ന ആനുകൂല്യം ആളുകൾ വിലമതിക്കുന്നില്ല. അവരുടെ അർഹമായ ആനുകൂല്യത്തെ ആരോ അടിച്ചമർത്തിയെന്ന മട്ടിലെ അവർ അതിനെ കാണുകയുള്ളൂ. കേരളം അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ അത്ര ലളിതമായ വിപണിയല്ല. ഇത് വിവരമുള്ളവരുടെ സമൂഹമാണ്. രാഷ്ട്രീയമായി അവബോധമുള്ളവരുടെ സമൂഹമാണ്. ചോദ്യം ചെയ്യുന്നവരുടെ സമൂഹമാണ്. അതുകൊണ്ട്, ഇവിടെ ശക്തമായ പ്രതികരണം ഉണ്ടാകും.

വർഷങ്ങളായി പരസ്യങ്ങൾ തയ്യാറാക്കുന്ന ഒരാളെന്ന നിലയിൽ, ഒരു കാര്യം ബോധ്യപ്പെടുത്തുന്ന രീതിയിൽ പറയുന്നത് എത്ര എളുപ്പമാണെന്ന് എനിക്കറിയാം. പക്ഷേ അതിനെ യാഥാർഥ്യത്തിൽ നിലനിർത്തുന്നത് അത്ര എളുപ്പമല്ല.

അതുകൊണ്ട്, രാഷ്ട്രീയ പാർട്ടികൾക്കും ഒരു ഉത്തരവാദിത്വമുണ്ട്. വാഗ്ദാനങ്ങൾ വാക്കാൽ പറഞ്ഞാൽ മാത്രം പോരാ. അത് എങ്ങനെ സധ്യമാകുമെന്നുള്ള കണക്ക് ബോധ്യപ്പെടുത്തണം. അതിനുള്ള പണം എവിടെനിന്നാണ് വരുന്നതെന്നു വ്യക്തമാക്കണം. എപ്പോൾ, എങ്ങനെ നടപ്പാക്കുമെന്നു തുറന്ന് പറയണം. ഗ്യാരണ്ടി എന്ന് പറയുമ്പോൾ, അത് വിശ്വാസമാണ്. ആ വിശ്വാസത്തിന് അടിസ്ഥാനം വേണം.

വോട്ടർമാർക്ക് ചെയ്യാനുള്ളത് വളരെ ലളിതമാണ്. വാഗ്ദാനം കേൾക്കൂ. പക്ഷേ, തെളിവ് ചോദിക്കൂ. കാരണം ഇത് ഒരു ക്യാമ്പെയ്ൻ മാത്രമല്ല. ഒരു കരാറാണ്. ആ കരാറിനോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഇത് പാലിക്കപ്പെടുമോ? വാഗ്ദാനം നൽകുന്നത് അവരുടെ ജോലി. കണക്ക് ചോദിക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്വം. പറഞ്ഞത് നടക്കുമോ എന്നതാണ് നമ്മളുടെ വോട്ട് തീരുമാനിക്കേണ്ടത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!