പേരാവൂരില്‍ ഇനി പിടയ്ക്കുന്ന മത്സ്യം വാങ്ങാം; ലൈവ് ഫിഷ് വെന്‍ഡിങ് സെന്റര്‍ ഉദ്ഘാടനം നാളെ

Share our post

പേരാവൂർ : ഉപഭോക്താക്കള്‍ക്ക് പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങാന്‍ ഇനി പേരാവൂരില്‍ അവസരം. ജീവനുള്ള മത്സ്യങ്ങളെ ശാസ്ത്രീയമായ രീതിയില്‍ സംരക്ഷിച്ച് ഉപഭോക്താക്കള്‍ക്ക് നേരിട്ട് തെരഞ്ഞെടുത്ത് വാങ്ങാനുള്ള സൗകര്യവുമായി ലൈവ് ഫിഷ് വെന്‍ഡിങ് സെന്റര്‍ പേരാവൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി.
മത്സ്യകര്‍ഷകര്‍ക്ക് മികച്ച വിപണന സൗകര്യമൊരുക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുന്നതിനുമായി പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം പേരാവൂർ നമ്പിയോടിൽ നാളെ (നവംബര്‍ 20) രാവിലെ 9.30 ന് മന്ത്രി സണ്ണി ജോസഫ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിക്കും.

20 ലക്ഷം രൂപ ചെലവിലാണ് ലൈവ് ഫിഷ് വെന്‍ഡിങ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ 40 ശതമാനമായ എട്ട് ലക്ഷം രൂപ ഗുണഭോക്താവിന് സബ്‌സിഡിയായി ലഭിക്കും. മത്സ്യകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മത്സ്യങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുകയും വിപണനരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. മത്സ്യത്തിന്റെ പുതുമയും ഗുണമേന്മയും ഉറപ്പാക്കുന്നതിനൊപ്പം വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷത്തില്‍ വിപണനം നടത്താനും സെന്ററിലൂടെ സാധിക്കും. മത്സ്യകര്‍ഷകര്‍ക്കും വിപണന മേഖലയിലെ തൊഴിലാളികള്‍ക്കും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കൂടി പദ്ധതി സഹായകമാകും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന പിഎംഎംസി പദ്ധതിയുടെ ഭാഗമായി വിവിധ മത്സ്യകൃഷി വികസന പദ്ധതികള്‍ കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 45 ബയോഫ്‌ളോക്ക് യൂണിറ്റുകള്‍, 19 ഹെക്ടര്‍ ഓരുജല മത്സ്യകൃഷി യൂണിറ്റുകള്‍, 29 റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍എഎസ് ) യൂണിറ്റുകള്‍, 52 ഓരുജല കൂടുകൃഷി യൂണിറ്റുകള്‍, 19 ചെമ്മീന്‍ ബയോഫ്‌ളോക്ക് ഇന്‍-പോണ്ട് യൂണിറ്റുകള്‍, 70 അലങ്കാര മത്സ്യകൃഷി യൂണിറ്റുകള്‍, 170 കല്ലുമ്മക്കായ കൃഷി യൂണിറ്റുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

2020 മുതല്‍ 2026 വരെയുള്ള കാലയളവില്‍ കണ്ണൂര്‍ ജില്ലയ്ക്കായി 10.4 കോടിയാണ് പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചത്. വിവിധ ഘടകപദ്ധതികളിലായി 434 ഗുണഭോക്താക്കള്‍ക്ക് 8.19 കോടിയിലേറെ രൂപ സബ്‌സിഡിയായി വിതരണം ചെയ്തിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!