കണ്ണൂർ സർവകലാശാലയിൽ നിർണായക നീക്കം; രജിസ്ട്രാർ ജോബി.കെ.ജോസിനെ മാറ്റാൻ തീരുമാനം

Share our post

കണ്ണൂർ: പ്രിയ വർഗീസ് കേസിൽ സുപ്രിംകോടതിയിലെ നിലപാട് മാറ്റത്തിന് പിന്നാലെ കണ്ണൂർ സർവകലാശാലയിൽ നിർണായക നീക്കം. കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കിനിൽക്കെ രജിസ്ട്രാർ ജോബി ജോസിനെ മാറ്റാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. കേസിൽ മുമ്പ് സർവകലാശാലയ്ക്ക് വേണ്ടി ഹാജരായിരുന്ന സ്റ്റാൻഡിങ് കൗൺസിൽ അഭിഭാഷകനെ മാറ്റിയിരുന്നു.

സിൻഡിക്കേറ്റ് യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്താതെ പ്രത്യേക അജണ്ടയായി കൊണ്ടുവന്നാണ് രജിസ്ട്രാറെ മാറ്റാൻ തീരുമാനിച്ചത്. ഹൈക്കോടതിയിലും ഡിവിഷൻ ബെഞ്ചിലും പ്രിയ വർഗീസിന്റെ നിയമനം ശരിയാണെന്ന് കാണിച്ച് സത്യവാങ്മൂലം നൽകിയത് ജോബി ജോസാണ്.

പുതിയ യുഡിഎഫ് സർക്കാർ പ്രിയ വർഗീസിൻ്റെ നിയമനത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് മുമ്പ് അനുകൂലമായി വാദിച്ച അഭിഭാഷകനെ നീക്കിയത്. അഭിഭാഷകനെ നീക്കിയതോടെ ജോബി ജോസ് സുപ്രിംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകണം. എന്നാൽ പ്രിയ വർഗീസിൻ്റെ നിയമനത്തിന് അനുകൂല നിലപാടാണ് ജോബി ജോസും സ്വീകരിച്ചിട്ടുള്ളത്. അതിനാൽ മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായി പുതിയ സത്യവാങ്മൂലം നൽകുന്നതിന്റെ ഭാഗമായാണ് രജിസ്ട്രാറെ മാറ്റിയതെന്നാണ് വിലയിരുത്തൽ. ഇടതുപക്ഷ അംഗങ്ങൾ ഇല്ലാത്ത കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിന്റെ ഏകപക്ഷീയമായ തീരുമാനമായും വിലയിരുത്തലുണ്ട്. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി സെപ്റ്റംബർ 23ലേക്ക് മാറ്റിയിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!