പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം, പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത്; ചാക്കോയുടെ മകന് ജിതിന്
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന് ജിതിന്. പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും തന്റെ പിതാവിനെ കൊന്നയാളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നാണ് ആഗ്രഹമെന്നും ജിതിന് പറഞ്ഞു. കണ്ടെത്തിയത് സുകുമാരക്കുറുപ്പിനെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജിതിന് ആവശ്യപ്പെട്ടു.
‘അപ്പനെ കൊന്നയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്ന് ഏതൊരു മകനും ആഗ്രഹിക്കുന്നതുപോലെ ഞാനും ആഗ്രഹിക്കുകയാണ്. 42 വര്‍ഷത്തിനിടയ്ക്ക് പലപ്പോഴും പല കഥകളും കേള്‍ക്കുന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ഒന്നുംലഭിച്ചിട്ടില്ല. സുകുമാരക്കുറുപ്പിനെ കണ്ടെന്ന് പറഞ്ഞ് മുമ്പും പല വാര്‍ത്തകളും വന്നിട്ടുണ്ട്. അന്നൊന്നും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. അതുപോലെയാകരുതേ ഇതെന്നാണ് ആഗ്രഹിക്കുന്നത്’, ജിതിന് പറഞ്ഞു.
നിലവിലെ വിവരങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ജിതിന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞത്. സുകുമാരക്കുറുപ്പിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ ഈ വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. പിതാവിനെ കൊലപ്പെടുത്തുന്നതിന് മുമ്പും സുകുമാരക്കുറുപ്പ് ക്രിമിനലായിരുന്നു. ആള്‍മാറാട്ടം നടത്തി താമസിക്കുന്നതില്‍ അത്ഭുതം തോന്നുന്നില്ലെന്നും ജിതില്‍ കൂട്ടിച്ചേര്‍ത്തു.
ചാക്കോ കൊലക്കേസിലെ പ്രതിയായ സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഇന്നലെയായിരുന്നു പുറത്തുവന്നത്. സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള വയോധികനെ കുറിച്ച് അന്വേഷിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സൈബര്‍ വിദഗ്ധനാണ് സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികന്റെ ചിത്രം പുറത്തുവിട്ടത്. ബ്രൂണൈയില്‍ വ്യാപാരിയായ ഈ വയോധികന് വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് കരസ്ഥമാക്കിയതായും സൈബര്‍ വിദഗ്ധന്‍ സ്ഥിരീകരിക്കുന്നുണ്ട്.
വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.
1980കളിലാണ് കേരളത്തെ നടുക്കിയ ക്രൂരത നടക്കുന്നത്. നിരപരാധിയായ ഒരാളെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തട്ടുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. 1984 ജനുവരി 21ന് മാവേലിക്കരയ്ക്കടുക്ക് ഒരു കറുത്ത അംബാസഡര്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നു. ആദ്യം അത് സുകുമാരക്കുറുപ്പാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഫിലിം റപ്രസന്റേറ്റീവ് ആയ ചാക്കോ ആണ് മരണപ്പെട്ടതെന്ന് മനസിലാക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസ കോശത്തില്‍ പുകയുടെ കരി കണ്ടെത്താത്തതാണ് കേസിൽ വഴിത്തിരിവായത്. ചാക്കോ കാറ് കത്തി പൊള്ളലേറ്റല്ല മരിച്ചതെന്നും, കൊലപ്പെടുത്തിയ ശേഷം കാറിലിട്ട് കത്തിക്കുകയായിരുന്നെന്നും ഇതിലൂടെയാണ് ഫൊറന്‍സിക് സര്ജന് ഡോ ഉമാദത്തന് മനസിലാക്കുന്നത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച അരും കൊലയുടെ വിവരം പുറത്ത് വരുന്നത്.
സുകുമാരക്കുറുപ്പ് എന്ന പ്രവാസി വിദേശത്ത് തന്റെ പേരില്‍ എടുത്തിരുന്നൊരു ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ താന്‍ മരിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ കൊലപാതമായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുറുപ്പിനോട് രുപ സാദൃശ്യമുള്ള ചാക്കോയെ കാറില്‍ വെച്ച് കൊലപ്പെടുത്തിയശേഷം അതില്‍ തന്നെയിട്ട് കത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സുകുമാരക്കുറുപ്പിന് വേണ്ടി രാജ്യം ഒട്ടാകെ കേരള പൊലീസ് വല വിരിച്ചിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. നാലര പതിറ്റണ്ടായി ഇയാള്‍ കാണാമറയത്ത് തുടരുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം 40 വയസ് ഉണ്ടായിരുന്ന സമയത്ത് ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടാകില്ലെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ നിര്‍ണായകമായ വിവരം പുറത്തുവന്നത്.
