ഏക മകളെ തനിച്ചാക്കി രേഷ്മ മടങ്ങി; വയനാട് സ്വദേശി യുകെയിൽ അന്തരിച്ചു, കണ്ണീരോടെ മലയാളികൾ

Share our post

വയനാട്: പുതുജീവിതത്തിന്റെ സ്വപ്നങ്ങളുമായി കഴിയുന്നതിനിടെ മലയാളി യുവതിക്ക് യുകെയിൽ ദാരുണാന്ത്യം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ – ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ മരിച്ചത്.

ഗാൾബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച ലിവർപൂളിലെ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷ്മ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുകയായിരുന്നു. ചികിത്സയിൽ തുടരവേ കടുത്ത തലവേദന ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൃതദേഹം ഹോസ്പിറ്റലിൽ കൊറോണറുടെ നടപടികൾക്കായി ഏറ്റെടുത്തിരിക്കുക ആണ്. കൊറോണറുടെ നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ മലയാളി സമൂഹത്തിന്റെയും ബന്ധപ്പെട്ട സംഘടനകളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഭർത്താവ് ശ്രീരാഗ് കെ. ബാബുവിനൊപ്പം കുടുംബജീവിതം നയിച്ചിരുന്ന രേഷ്മയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും ലിവർപൂളിലെ മലയാളി സമൂഹത്തിനും വലിയ വേദനയായി.

വിദ്യാർഥി വീസയിലാണ് രേഷ്മയും ശ്രീരാഗും യുകെയിലെത്തിയത്. പഠനാനന്തര വർക്ക് വീസയുടെ കാലാവധി അടുത്ത ജനുവരിയിൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. പുതിയ ജീവിതം കെട്ടിപ്പടുക്കാനും മുന്നോട്ടുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമുള്ള ഒരുക്കങ്ങൾക്കിടെയാണ് രേഷ്മയുടെ അപ്രതീക്ഷിത വേർപാട്. പ്രിയപ്പെട്ട ഭാര്യയുടെ വേർപാടിന്റെ ആഘാതത്തിൽ നിന്ന് ശ്രീരാഗും മുക്തനായിട്ടില്ല. ഏറെ പ്രതീക്ഷകളോടെ മുന്നോട്ടുപോകുന്നതിനിടെയുണ്ടായ ഈ ദുരന്തം കുടുംബത്തെ തീരാവേദനയിലാഴ്ത്തി. രേഷ്മയുടെയും ശ്രീരാഗിന്റെയും ഏക മകൾ മിഴി ശ്രീരാഗ് നാട്ടിലാണ്. സംസ്കാരം പിന്നീട് നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!