പെരുമഴ;വ്യാപകനാശം

Share our post

കണ്ണൂർ: ശക്തമായ മഴയെത്തുടർന്ന് കണ്ണൂർ,​കാസർകോട് ജില്ലയുടെ മലയോര ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. പാൽചുരം ചെകുത്താൻതോടിന് സമീപം ഇന്നലെ രാവിലെ 9 മണിയോടെ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരത്തോടെ റോഡിലെ തടസ്സങ്ങൾ നീക്കിയെങ്കിലും മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ പി വിഷ്ണുരാജ് അറിയിച്ചു.
പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയും മണ്ണിടിച്ചിലുണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവഴി പോകേണ്ട വാഹനങ്ങൾ നിടുമ്പൊയിൽ പേര്യ ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചു.

ചെമ്പത്തൊട്ടി പള്ളത്ത് തോട്ടിൽ മദ്ധ്യവയസ്‌കൻ ഒഴുക്കിൽപ്പെട്ടതായി സംശയം. മുതുകാട്ടിൽ സജി ജോസഫ് (50) എന്നയാളാണ് ഒഴുക്കിൽപ്പെട്ടതായി സംശയിക്കുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സന്ധ്യയോടെ മഴ ശക്തമായതിനെ തുടർന്ന് തോട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതിനാൽ തിരച്ചിൽ താൽക്കാലികമായി നിർത്തി. രാവിലെ തിരച്ചിൽ പുനരാരംഭിക്കും.

ചെറുപുഴ വയക്കര വയലായി ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് പുഴയുടെ തീരത്തെ ഏതാനും കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആലക്കോട് വില്ലേജിലെ മൂന്നാംകുന്നിൽ കനത്ത മഴയിൽ ചെറിയ തോതിലുള്ള ഉരുൾപൊട്ടൽ ഉണ്ടായി. മൂന്നാകുന്ന് ചോല റോഡിലേക്ക് വെള്ളവും കല്ലും വന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡിന് ചെറിയതോതിൽ നാഷനഷ്ടവും ഉണ്ടായി. പ്രദേശത്തുള്ള പത്തോളം കുടുംബങ്ങൾ വേനൽകാലത്തു ശുദ്ധജലത്തിനു ആശ്രയിക്കുന്ന ഒരു പഞ്ചായത്ത് കുളവും രണ്ടു കിണറുകളും പൂർണ്ണമായും മണ്ണും കല്ലും നിറഞ്ഞു ഉപയോഗശൂന്യമായി. അപകടസാദ്ധ്യത പരിഗണിച്ച് ഒരു കുടുംബത്തെ ബന്ധു വീട്ടിലേക്കു മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!