വേണം വടക്കോട്ട് തീവണ്ടികൾ
പയ്യന്നൂർ : ഓണാവധി തുടങ്ങി. തീവണ്ടികളിൽ കനത്ത തിരക്കും. കണ്ണൂർ-മംഗളൂരു റൂട്ടിൽ (132 കിലോമീറ്റർ) 21 സ്റ്റേഷനുകളിൽ നിർത്തുന്നത് ഒരു വണ്ടി മാത്രം. കണ്ണൂർ-മംഗളൂരു പാസഞ്ചർ (56703). ഒരു വണ്ടി കഴിഞ്ഞ് മറ്റൊരു വണ്ടിക്ക് മണിക്കൂറുകൾ കാത്തിരിക്കണം. എല്ലാ സ്റ്റേഷനിലും നിർത്തുന്ന ഒരു (മെമു) വണ്ടിയാണ് ഉത്തരമലബാറുകാരുടെ ആവശ്യം. നിലവിൽ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന എട്ട് പ്രതിദിനവണ്ടികളിൽ ഒന്നുപോലും കാസർകോട് ഭാഗത്തേക്ക് നീട്ടാൻ ജനപ്രതിനിധികൾക്കായിട്ടില്ല.
രാവിലെ :കണ്ണൂർ-മംഗളൂരു പാസഞ്ചർ (56703) രാവിലെ 7.40-ന് കണ്ണൂരിൽനിന്ന് പുറപ്പെടും. 21 സ്റ്റേഷനുകളിൽ നിർത്തും. 10.45-ന് മംഗളൂരുവിലെത്തും. 18 സ്റ്റോപ്പുകളിൽ നിർത്തുന്ന മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ (16323) ഈ റൂട്ടിൽ വരാൻ ഏഴരമണിക്കൂർ ഇടവേള. അതായത് വൈകീട്ട് 3.05-വരെ കണ്ണൂരിൽ കാത്തുനിൽക്കണം.
(നിർദേശം : രാവിലെ 8.50-ന് കണ്ണൂർ എത്തുന്ന ഷൊർണൂർ-കണ്ണൂർ മെമു (66324) കാസർകോട്/മംഗളൂരുവരെ ഓടിക്കണം. 21 സ്റ്റേഷനിലും നിർത്താം. തിരിച്ച് കണ്ണൂർ വൈകീട്ട് (66323) 5.20-ന് പുറപ്പെടുന്ന രീതിയിൽ എത്തിക്കാം. ഇപ്പോൾ മെമു കണ്ണൂരിൽ എട്ടുമണിക്കൂർ നിർത്തിയിടുന്നുണ്ട).
വൈകീട്ട് നാലുമണിക്കുശേഷം ഒരു പാസഞ്ചർ വണ്ടിപോലും കാസർകോട്ടേക്കില്ല. വൈകീട്ട് 4.05-ന് കണ്ണൂർ എത്തുന്ന മംഗള തൊട്ട് വൈകീട്ട് 6.40-ന് എത്തുന്ന നേത്രാവതി വരെ നാലു വണ്ടികൾ. 21 സ്റ്റോപ്പുകാർക്ക് അൽപ്പം ആശ്വാസമാകുന്നത് എട്ട് സ്റ്റോപ്പുകളിൽ നിർത്തുന്ന പരശുറാം മാത്രം. 6.40-ന് കണ്ണൂർ എത്തുന്ന നേത്രാവതി കഴിഞ്ഞാൽ പിന്നെ നോക്കേണ്ട. വടക്കോട്ട് വണ്ടികളില്ല. എട്ടുമണിക്കൂർ ഇടവേള. പുലർച്ചെ 2.40-ന് എത്തുന്ന വെസ്റ്റ് കോസ്റ്റ് (22637) നാല് സ്റ്റോപ്പുകളിൽ മാത്രം നിർത്തും. പാതിരാത്രിയിൽ പെരുവഴിയിലാകുന്നത് 15 സ്റ്റോപ്പുകളിലെ യാത്രക്കാർ.
(നിർദേശം : രാത്രി എട്ടുമണിയോടെ കണ്ണൂരെത്തുന്ന കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) കാസർകോട്ടേക്ക് നീട്ടണം. രാവിലെ ആറുമണിക്കാണ് (16607) കണ്ണൂരിൽനിന്ന് പുറപ്പെടുന്നത്. കാസർകോട്ടുനിന്ന് 4.30-ന് പുറപ്പെട്ട് യാത്ര തുടങ്ങാം).
വൈകീട്ടുള്ള പോക്ക് :രാവിലെ 21 സ്റ്റോപ്പിലും നിർത്തി കണ്ണൂർ ഭാഗത്തേക്ക് പോകാൻ ഒരു പാസഞ്ചർ പോലും ഇല്ല. രാവിലെ 5.15-ന് പുറപ്പടുന്ന മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610) 17 സ്റ്റോപ്പുകളിൽ നിർത്തും. പരശുറാം എക്സപ്രസ് (എട്ട് സ്റ്റോപ്പുകൾ), എഗ്മോർ എക്സ്പ്രസ് (10 സ്റ്റോപ്പുകൾ), ഏറനാട് (ഒൻപത് സ്റ്റേഷനുകൾ) നിർത്തുന്നു. 18 സ്റ്റോപ്പുകളിൽ നിർത്തുന്ന മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ (16324) ഒൻപതുമണിക്കാണ് മംഗളൂരുവിൽനിന്ന് പുറപ്പെടുക.
മംഗളൂരു-കോയമ്പത്തൂർ ഇന്റസിറ്റി (നാല് സ്റ്റോപ്പുകൾ), മംഗളൂരു-ചെന്നൈ മെയിൽ (ആറ് സ്റ്റോപ്പുകൾ), മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348) (11 സ്റ്റോപ്പുകൾ), മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് (12686) (നാല് സ്റ്റോപ്പുകൾ) ഇങ്ങനെയാണ് തുടർവണ്ടികൾ. 21 സ്റ്റോപ്പുകളിലെ ആൾക്കാർക്ക് കയറാൻ മംഗളൂരു-കണ്ണൂർ പാസഞ്ചർ (56704) വരെ കാത്തിരിക്കണം. വൈകീട്ട് 5.05-ന് മംഗളൂരു; 7.55-ന് കണ്ണൂർ (21 സ്റ്റോപ്പുകൾ).
ശേഷം മാവേലി, മലബാർ എക്സ്പ്രസുകൾ വരും. മൂന്ന് ജനറൽ കോച്ചു വീതം ഉണ്ടാകും. അതിന് ശേഷം രാത്രി നീണ്ട ഇടവേള. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് (22638) രാത്രി 11.45-ന് മംഗളൂരുവിൽനിന്ന് പുറപ്പടും (കണ്ണൂർവരെ നാല് സ്റ്റോപ്പുകൾ).
