ഒരാൾക്ക് എത്ര സിംകാർഡ് കൈവശംവെക്കാം? ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

Share our post

പുതിയ സിം ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് ടെലികോം കമ്പനികള്‍ ആ ഉപയോക്താവിന്റെ നിലവിലുള്ള കണക്ഷനുകള്‍ എത്രയെന്ന് പരിശോധിക്കേണ്ടി വരും. രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം. ഓഗസ്റ്റ് 24 മുതൽ ടെലികോം ഓപ്പറേറ്റർമാർക്ക് ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടിവരുമെന്ന് പിടിഐ വാർത്താ ഏൻസി റിപ്പോർട്ടു ചെയ്യുന്നു. പുതിയ സിം കാർഡ് അനുവദിക്കുന്നതിന് ഇനി പരിശോധനയും നിയന്ത്രണവും വേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അനുവദനീയമായ പരിധി കഴിഞ്ഞും പുതിയ മൊബൈൽ കണക്ഷൻ എടുക്കാൻ ശ്രമിക്കുന്ന ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ടെലികോം സേവന ദാതാക്കൾക്ക് ടെലികോം വകുപ്പ് (ഡിഒടി) നിർദ്ദേശം നൽകിക്കഴിഞ്ഞു.

എത്ര സിം കാർഡ് കൈവശം വെക്കാം?

ഒരാൾക്ക് ഒൻപത് കണക്ഷനുകൾ എന്ന പരിധി നേരത്തെതന്നെ ടെലികോം വകുപ്പ് നിശ്ചയിച്ചിരുന്നതാണ്. ഇതാണ് കർശനമായി നടപ്പാക്കാനൊരുങ്ങുന്നത്. പുതിയ ചട്ടം എല്ലാ ഓപ്പറേറ്റർമാർക്കും ടെലികോം സർക്കിളുകൾക്കും ബാധകമാണ്. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾക്ക് ആറ് കണക്ഷനുകൾ കൈവശംവെക്കാം.

പുതിയ സിം ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് ടെലികോം കമ്പനികൾ ആ ഉപയോക്താവിന്റെ നിലവിലുള്ള കണക്ഷനുകൾ എത്രയെന്ന് പരിശോധിക്കേണ്ടി വരും. നിർദിഷ്ട പരിധി കഴിഞ്ഞ ഉപഭോക്താക്കൾക്ക് കൂടുതൽ നമ്പറുകൾ രജിസ്റ്റർ ചെയ്യാൻ ഇനി സാധിക്കില്ല.

പുതിയ കണക്ഷൻ എടുക്കുമ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തേണ്ടിവരും. മറ്റ് ഓപ്പറേറ്റർമാരിൽ നിന്നോ മറ്റ് ടെലികോം സേവന മേഖലകളിൽ നിന്നോ എടുത്ത കണക്ഷനുകളുടെ വിവരങ്ങൾ ഉൾപ്പെടെ നൽകേണ്ടിവരും. കസ്റ്റമർ അപ്ലിക്കേഷൻ ഫോമിൽ (സിഎഎഫ്) ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തേണ്ടിവരും.

ടെലികോം ഓപ്പറേറ്റർമാർ ചെയ്യേണ്ടത് എന്തെല്ലാം?

സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം വഴി ടെലികോം ഓപ്പറേറ്റർമാർ ഉപഭോക്തൃ രേഖകൾ ക്രോസ്-ചെക്ക് ചെയ്യേണ്ടിവരും. ഈ പ്ലാറ്റ്ഫോമിൽ ഫോട്ടോ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനം ടെലികോം വകുപ്പ് ഒരുക്കുമെന്നാണ് വിവരം. ആഗസ്റ്റ് 23 മുതൽ അനുവദനീയമായ പരിധി കഴിഞ്ഞ ഉപയോക്താക്കളുടെ വിവരങ്ങൾ ഇതിൽ ലഭ്യമാകും. മറ്റൊരു കണക്ഷനായിട്ടുള്ള അപേക്ഷ പ്രോസസ്സ് ചെയ്യുമ്പോൾ ഓപ്പറേറ്റർമാർക്ക് ഈ വിവരങ്ങൾ ഉപയോഗിക്കാം. ഉപയോക്താവ് പരിധി ലംഘിച്ചതായി കണ്ടെത്തിയാൽ പുതിയ സിം ലഭിക്കില്ല. ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമിൽ വിവരങ്ങൾ സംയോജിപ്പിക്കുന്നതിന് ടെലികോം കമ്പനികൾക്ക് നവംബർ 30 വരെ സമയം നൽകിയിട്ടുണ്ട്.

പരിധിക്കപ്പുറം സിംകാർഡ് കൈവശംവെച്ചാൽ എന്ത് സംഭവിക്കും?

അനുവദനീയമായ പരിധിക്ക് അപ്പുറം ഏതെങ്കിലും മൊബൈൽ കണക്ഷൻ കണ്ടെത്തുന്നപക്ഷം അത് ഉടനടി സസ്‌പെൻഡ് ചെയ്യപ്പെട്ടേക്കാം. കസ്റ്റമർ അപ്ലിക്കേഷൻ ഫോമിലെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും ഈ നടപടി.

നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് എങ്ങനെ പരിശോധിക്കാം?

ഓൺലൈനായി സഞ്ചാർ സാഥി പോർട്ടൽ സന്ദർശിച്ചോ സ്മാർട്ട്ഫോണിൽ സഞ്ചാർ സാഥി ആപ്പ് ഡൗൺലോഡ് ചെയ്‌തോ ഇക്കാര്യം പരിശോധിക്കാം. നടപടികൾ ലളിതമാണ്.

  • “Know mobile connections in your name” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
  • നിങ്ങളുടെ മൊബൈൽ നമ്പറും ക്യാപ്ചയും നൽകുക
  • നിങ്ങളുടെ നമ്പറിലേക്ക് അയച്ച ഒടിപി (OTP) നൽകുക

ഈ ഘട്ടങ്ങൾക്ക് ശേഷം, നിങ്ങളുടെ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറുകളുടെ ലിസ്റ്റ് വെബ്പേജ് കാണിക്കും. ലിസ്റ്റിൽ നിങ്ങൾ കാണുന്ന നമ്പർ നിങ്ങളുടേതല്ലെങ്കിൽ നിങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാനും സാധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!