ഓണക്കാലത്ത് നാട്ടിലെത്തുന്നവരുടെ കീശ കീറും; ലക്ഷങ്ങൾ ചെലവാവും; ഈ കൊള്ള ആരും കാണുന്നില്ലേ?
ഓണാവധിക്ക് നാട്ടിലേക്കു യാത്ര ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്. മൂന്ന് മുതൽ അഞ്ച് ഇരട്ടി വരെ ടിക്കറ്റ് നിരക്ക് ഉയർത്തി. ഇതോടെ അവധിക്കാലം കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികളുടെയും ഓണക്കാലത്ത് നാട്ടിലെത്തുന്നവരുടെയും കീശ കീറും. നാലംഗങ്ങളുള്ള കുടുംബത്തിന് നാട്ടിലെത്തി തിരിച്ചുപോകാൻ ലക്ഷക്കണക്കിന് രൂപ ചെലവാക്കണം. വിമാനയാത്രാനിരക്കിൽ വർഷം തോറും നടക്കുന്ന കൊള്ളയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുമ്പോഴും നിരക്ക് വർധന കുറയുന്നില്ല. മറ്റു വിമാനത്താവളങ്ങളിൽ ഉള്ളതിനേക്കാൾ സർവീസുകൾ കുറവായതിനാലാണു കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്ക് കൂടുന്നത്.
ഗൾഫിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്ന സമയമായതിനാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഒട്ടേറെപ്പേരാണ് നാട്ടിൽ വന്നു തിരിച്ചുപോകുന്നത്. ഇത് മൂൻകൂട്ടിക്കണ്ട് വിമാനക്കമ്പനികൾ ഓൺലൈനിൽ നിരക്ക് ഉയർത്തിവയ്ക്കുകയാണ്. പെട്ടെന്ന് യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് മൂന്നും നാലും ഇരട്ടി തുക നൽകേണ്ടിവരും. വിമാന ഇന്ധന വിലവർധനയുടെ പേരിൽ ടിക്കറ്റുകൾക്ക് സർചാർജ് ഏർപ്പെടുത്തിയതിന് പുറമേയാണ് ഈ വർധന.
കഴിഞ്ഞ വർഷം ഓണ സീസണിൽ 30,000 രൂപ മുതൽ 35,000 രൂപ വരെയാണ് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്നത്. ഇത്തവണ ഇത് 35,000 മുതൽ 45,000 രൂപ വരെയായി. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള സമയത്ത് മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും 40,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. ഈ മാസം 22ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് 51,827 രൂപയാണ് നിരക്ക്. 20,000 രൂപ മുതൽ 26,000 രൂപ വരെ നിരക്ക് വരുന്ന മസ്ക്കത്തിലേക്ക് മാത്രമാണു ടിക്കറ്റ് ചാർജ് താരതമ്യേന കുറവുള്ളത്. ഈ ദിവസങ്ങളിൽ തിരിച്ച് നാട്ടിലേക്ക് 20,000 രൂപ മുതൽ 25,000 രൂപ വരെയാണ് ഈടാക്കുന്നത്.
വിമാന നിരക്ക്– ഈ മാസം 22ന് കണ്ണൂരിൽ നിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക്
- കണ്ണൂർ- ദുബായ് – 51,827 രൂപ.
- കണ്ണൂർ- ഷാർജ – 40,259 രൂപ.
- കണ്ണൂർ- അബുദാബി- 51,827 രൂപ.
- കണ്ണൂർ- ദോഹ – 54,829 രൂപ.
ട്രെയിനുകൾ
- മൈസൂരു – കണ്ണൂർ എക്സ്പ്രസ് സ്പെഷൽ (06227/06228): 25നു രാത്രി 10.30നു മൈസൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 26ന് ഉച്ചയ്ക്കു 2നു കണ്ണൂരിലെത്തും. തിരിച്ച് അന്നു വൈകിട്ട് 6.25നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 27നു രാവിലെ 8.35നു ബെംഗളൂരു കന്റോൺമെന്റിൽ എത്തും.
- മൈസൂരു – കണ്ണൂർ എക്സ്പ്രസ് സ്പെഷൽ (06229/06230): 29നു രാത്രി 11.55നു മൈസൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 30നു വൈകിട്ട് 5.50നു കണ്ണൂരിലെത്തും. തിരിച്ച് അന്നു രാത്രി 7.45നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 31നു രാവിലെ 10നു ബെംഗളൂരു കന്റോൺമെന്റിൽ എത്തും.
- തിരക്കു കുറയ്ക്കുന്നതിനായി രണ്ടു ട്രെയിൻ സർവീസുകളിൽ അധിക കോച്ച് അനുവദിച്ചിട്ടുണ്ട്. 16159-ാം നമ്പർ ചെന്നൈ എഗ്മോർ–മംഗളൂരു സെൻട്രൽ എക്സ്പ്രസിലും 16160-ാം നമ്പർ മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്മോർ എക്സ്പ്രസിലുമാണ് അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് അനുവദിച്ചത്.
കെഎസ്ആർടിസി ബസുകൾ
- എട്ട് സ്പെഷൽ ബസുകൾ 20 മുതൽ സർവീസ് ആരംഭിക്കും . 6 എണ്ണം ബെംഗളൂരുവിൽ നിന്നു കണ്ണൂരിലേക്ക്. രണ്ടെണ്ണം മൈസൂരുവിൽ നിന്നു കണ്ണൂരിലേക്ക്. ടിക്കറ്റ് നിരക്ക്: ബെംഗളൂരു – കണ്ണൂർ സൂപ്പർ ഫാസ്റ്റ് – 670, ഡീലക്സ് – 961. മൈസൂരു സൂപ്പർ ഫാസ്റ്റ് – 414. ബുക്കിങ് ആരംഭിച്ചു.
കണ്ണൂരിൽനിന്ന് അധിക സർവീസ്
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരം, ബെംഗളൂരു റൂട്ടിൽ അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. നിലവിൽ ആഴ്ചയിൽ 4 ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ–തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നത്. ഇതിന് പുറമേ 22, 29, 31 തീയതികളിലാണ് അധിക സർവീസ് നടത്തുക. തിരുവനന്തപുരത്തു നിന്ന് 19, 22, 24, 26, 27, 30, 31 തീയതികളിലാണ് അധിക സർവീസ് നടത്തുക. ബെംഗളൂരു റൂട്ടിൽ 26, 28, 31 തീയതികളിലാണ് സർവീസ് നടത്തുക.
