വഖഫ് ബോര്‍ഡ് നിയമന വിവാദം; ‘ആര്‍എസ്എസിന്റെ പാദസേവകരായി യുഡിഎഫ് മാറി’, വിമര്‍ശനവുമായി പിണറായി വിജയന്
കാസര്‍കോട്: വഖഫ് ബോര്‍ഡ് നിയമനത്തില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിയമത്തെ ഇടത് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്. അമുസ്ലീങ്ങളെ ഒഴിവാക്കിയാണ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്നാണ് പുതിയ സര്‍ക്കാരിന്റെ നിലപാട്. അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തേണ്ട ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ബോര്‍ഡില്‍ ഭരണ സ്തംഭനമില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയ പിണറായി ആര്‍എസ്എസിന് കീഴ്പ്പെട്ടാണ് അത്തരമൊരു നിലപാട് പുതിയ സര്‍ക്കാര്‍ എടുത്തതെന്നും ആരോപിച്ചു. ആര്‍എസ്എസിന്റെ പാദസേവകരായി യുഡിഎഫ് മാറി എന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
പിഎംശ്രീ വിഷയത്തില്‍ പ്രതികരിച്ച അദ്ദേഹം എസ്എസ്കെ ഫണ്ട് ലഭിക്കാനാണ് പിഎംശ്രീ ധാരണാ പത്രത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവെച്ചത് എന്ന് വ്യക്തമാക്കി. പിഎംശ്രീയുമായി മുന്നോട്ട് പോകേണ്ട എന്നായിരുന്നു തങ്ങളുടെ നിലപാടെന്നും അത് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നെന്നും പിണറായി പറഞ്ഞു.
പിഎംശ്രീയില്‍ നിന്ന് പിന്‍വാങ്ങാന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് തടസ്സമല്ല. അത് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തില്‍ എത്തിയാല്‍ അറബിക്കടലില്‍ എറിയും എന്ന് പറഞ്ഞവര്‍ തന്നെ അത് നടപ്പാക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ് അജണ്ടയുടെ പിന്നില്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മറയില്ലാതെ ആര്‍എസ്എസ് അജണ്ട അംഗീകരിക്കുകയാണെന്നും പിണറായി വിജയന് ആരോപിച്ചു.
