ഡെങ്കി വാക്സീൻ ഇനി ഇന്ത്യയിലും; നാല് വൈറസ് വകഭേദങ്ങളെയും പ്രതിരോധിക്കാൻ ശേഷി
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സീന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. നാല് മുതൽ 60 വയസ്സുവരെയുള്ളവർക്ക് ക്യുഡെൻഗ (QDENGA:TAK-003) വാക്സീനാണ് അനുമതി നൽകിയത്. 2027 ന്റെ ആദ്യ പകുതിയിൽ ക്യുഡെൻഗ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചത്. വിപണന അനുമതി ലഭിച്ച ശേഷം തുടക്കത്തിൽ സ്വകാര്യ ആശുപത്രികളിലൂടെയാണ് വാക്സിൻ നൽകുക.
∙ ഡെങ്കിക്കു കാരണമാകുന്ന 4 വൈറസ് വകഭേദങ്ങളെയും പ്രതിരോധിക്കാൻ ശേഷി.
∙ 4 മുതൽ 60 വയസ് വരെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഈ വാക്സിൻ ഉപയോഗിക്കാം.
∙ 3 മാസത്തെ ഇടവേളയിൽ 0.5 മില്ലിലിറ്റർ വീതമുള്ള 2 ഡോസ്.
∙ ജപ്പാൻ കമ്പനിയായ തകെഡ ബയോഫാർമസ്യൂട്ടിക്കൽസിന്റേതാണു ക്യുഡെൻഗ.
∙ ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ ഫാർമ കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിലെ നിർമാണം. 2030 ആകുമ്പോഴേക്കും പ്രതിവർഷം 10 കോടി ഡോസ് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിൽ ബയോളജിക്കൽ ഇയുടെ സഹായത്തോടെ 5 കോടി ഡോസ് വരെ ഉത്പാദിപ്പിക്കാനാണ് പദ്ധതി.
∙ 6,000– 12,000 രൂപയ്ക്കു വിപണിയിലെത്തിക്കുമെന്നാണു കമ്പനി അറിയിപ്പ്.
