ഇന്ധന സെസ് കുറയ്ക്കുമോ; സതീശനെ വെല്ലുവിളിച്ച് പിണറായി
തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ധന സെസ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധിപ്പിക്കുമ്പോൾ സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരാണ് ഇന്ന് ഭരിക്കുന്നത്.
പക്ഷെ അവർ ഇപ്പോൾ ഒന്നും പറയുന്നില്ല. കേന്ദ്ര സർക്കാരിന്റെ ഇന്ധനക്കൊള്ളയ്ക്കെതിരെ ശബ്ദമുയർത്താൻ യുഡിഎഫ് സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുമ്പോഴും രാജ്യത്ത് ജനങ്ങൾക്ക് മേൽ ഇന്ധന വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് കടുത്ത അനീതിയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് വില വർധനവ് താൽക്കാലികമായി പിടിച്ചുവെക്കുകയും വോട്ടെടുപ്പ് കഴിഞ്ഞയുടൻ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യുന്നത് ബിജെപി സർക്കാരിന്റെ പതിവ് തട്ടിപ്പാണെന്നും പിണറായി പറഞ്ഞു. അതേസമയം സെസ് കുറയ്ക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി.
