ലഹരിമരുന്ന് കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഓടുന്ന ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടു

Share our post

കോഴിക്കോട്: മൂന്ന് കിലോ എംഡിഎംഎയുമായി ഒരു മാസം മുൻപ് പിടികൂടിയ ലഹരിമരുന്ന് കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയിൽ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് ഗുജറാത്തിലെ വടോദരയ്ക്ക് സമീപം ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടത്.

ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘവും ഡാൻസാഫ് ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കൈവിലങ്ങ് അണിഞ്ഞിരുന്ന പ്രതി ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.

കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ഹനീഫയെ ലഹരിമരുന്നുമായി പോലീസ് പിടികൂടുന്നത്. ആദ്യഘട്ടത്തിൽ മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് 500 ഗ്രാം എംഡിഎംഎയുമായി ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽനിന്നു പോലീസ് ലഹരിമരുന്ന് കണ്ടെടുത്തു. ആകെ 2.803 കിലോ ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽനിന്ന് പോലീസ് പിടിച്ചെടുത്തത്. ഡൽഹിയിൽനിന്നും ബാംഗ്ലൂരിൽ നിന്നുമാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് ഇയാൾ സമ്മതിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഹനീഫയോടൊപ്പം താമസിച്ചിരുന്ന ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മേയ് ഒന്നിന് മുക്കത്തെ വീട്ടിലെത്തിച്ച് പ്രതിയുടെ പ്രാഥമിക തെളിവെടുപ്പ് പോലീസ് പൂർത്തിയാക്കിയിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!