മരക്കഷണങ്ങൾക്കിടയിൽ പന്തെടുക്കാൻ കൈയിട്ടു; മൂർഖന്റെ കടിയേറ്റ നാലര വയസ്സുകാരിക്ക് ദാരുണാന്ത്യം

Share our post

കാസർകോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുബാലിക മരണത്തിന് കീഴടങ്ങി. കാസർകോട് ഇളേരിത്തട്ട് സ്വദേശിയായ ഋതുചന്ദ്ര (നാലര വയസ്സ്) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു.

ഏപ്രിൽ 27-ന് രാവിലെ 11 മണിയോടെയാണ് ഋതുചന്ദ്രയ്ക്ക് പാമ്പുകടിയേറ്റത്. വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ പന്ത് സമീപത്തെ മരക്കഷണങ്ങൾക്കിടയിലേക്ക് പോയി. പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂർഖൻ പാമ്പ് ഋതുചന്ദ്രയെ കടിക്കുകയായിരുന്നു. ഉടൻതന്നെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ നർക്കിലക്കാടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിലെത്തുമ്പോൾ തന്നെ കുട്ടിയുടെ ആരോഗ്യനില മോശമായിരുന്നു. ആന്റിവെനം ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിയെങ്കിലും ശ്വാസകോശത്തെയും മറ്റും വിഷം ബാധിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

വനമേഖലയോട് ചേർന്നുനിൽക്കുന്ന പ്രദേശമാണിതെങ്കിലും സാധാരണമായി ഇവിടങ്ങളിൽ പാമ്പുകളെ കാണാറില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ വേനൽക്കാലമായതിനാൽ പാമ്പുകളുടെ ശല്യം വർധിച്ചിരിക്കാം എന്നാണ് കരുതുന്നത്. മാതാപിതാക്കളുടെ ഏകമകളായ ഋതുചന്ദ്രയുടെ വേർപ്പാട് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!