വിഷ്ണുനാഥ് സംശയരോഗി, അൽമ സോഷ്യൽമീഡിയയിൽ സജീവമായതോടെ ദേഷ്യം; കുട്ടികളില്ലാത്തതും പകയ്ക്ക് കാരണമായി

Share our post

തിരുവനന്തപുരം: ചെങ്കൽ വ്‌ളാത്താങ്കരയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. വ്‌ളാത്താങ്കര ഗോപിനാഥ മന്ദിരത്തിൽ അൽമ(32)യെ ഞായർ രാവിലെയാണ് വിഷ്ണുനാഥ് (36) വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുനാഥിന്റെ സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 

വിവാഹം കഴിഞ്ഞ് ഒമ്പത് വർഷം പിന്നിട്ടിട്ടും മക്കൾ ഇല്ലാതിരുന്നതാണ് പകയ്ക്ക് പിന്നിലെന്നും അടുത്തകാലത്തായി ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പതിവായിരുന്നു എന്നും പാറശാല പോലീസ് പറയുന്നു. അൽമ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്.

സോഷ്യൽമീഡിയയിൽ 10,000-ത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ടിന് ഉടമയായിരുന്നു അൽമ. ഭാര്യയെ സംശയമായിരുന്നുവെന്ന് വിഷ്ണുനാഥ് പോലീസിനോട് കുറ്റസമ്മതം നടത്തിയെന്നാണ് സൂചനകൾ. അൽമ ഫോണിൽ സമയം ചെലവഴിക്കുന്നതിനെ വിഷ്ണു പലകുറി ചോദ്യം ചെയ്തിരുന്നു. ഇവർ തമ്മിൽ പ്രശ്‌നങ്ങളും പതിവായിരുന്നു. അൽമയുടെ ഫോൺ സൈബർ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ശനിയാഴ്ച ഉണ്ടായ വഴക്കിന് പിന്നാലെ ഞായറാഴ്ച രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. രാവിലെ 9.30-ഓടെ വീട്ടിലെ കിടപ്പുമുറിയിൽവെച്ച് അൽമയുടെ കഴുത്തിൽ വെട്ടിയാണ് വിഷ്ണുനാഥ് കൊലപ്പെടുത്തിയത്. രണ്ടാഴ്ച മുൻപ് വാങ്ങിയ വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അൽമയുടെ വലതു ചെവിയുടെ പുറകിലും കഴുത്തിലും വെട്ടിയ ശേഷം മരണം ഉറപ്പിക്കാൻ തലയിണ ഉപയോഗിച്ച് മുഖം അമർത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയതായി സമീപത്തെ സഹോദരന്റെ വീട്ടിലെത്തി വിഷ്ണുനാഥ് പറയുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

പിഎസ്‌സി സെന്ററിലെ അധ്യാപകൻ കൂടിയായ വിഷ്ണുനാഥും അൽമയും തമ്മിൽ ഒമ്പത് വർഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് കുട്ടികൾ ഇല്ലാതിരുന്നതും വിഷ്ണുനാഥ് സംശയരോഗത്തിന് അടിമയായിരുന്നതും കാരണം ദാമ്പത്യ സ്വരച്ചേർച്ചകൾക്ക് ഇടവന്നിരുന്നു. വീട്ടിൽ അഭിപ്രായ വ്യത്യാസങ്ങൾ പതിവായിരുന്നു എന്നും അൽമയുടെ പിതാവ് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

പാറശാല പോലീസ് അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ വിഷ്ണുനാഥിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൊലയ്ക്ക് മറ്റെന്തെങ്കിലും കാരണം ഉണ്ടായിരുന്നോ എന്നുൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാകൂ എന്ന് പാറശാല പോലീസ് അറിയിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!