മഴക്കാല രോഗ പ്രതിരോധത്തിന് ഗ്രാമീണ മാതൃക; ശുചിത്വ ഹർത്താലുമായി പേരാവൂർ പഞ്ചായത്ത്

Share our post

പേരാവൂർ:മഴയെ തുടർന്നുണ്ടാവുന്ന വെള്ളക്കെട്ടും സാംക്രമിക രോഗങ്ങളും മുന്നിൽ കണ്ട്  മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരാവൂർ ഗ്രാമ പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ നടത്തി. പഞ്ചായത്തിലെ വിവിധ ടൗണുകൾ, വ്യാപാര കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവ പൂർണമായും നീക്കം ചെയ്താണ് ശുചിത്വ ഹർത്താൽ യാഥാർഥ്യമാക്കിയത്.

അതിരാവിലെ മുതൽ 10 മണി വരെ കടകളും സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികളും സർക്കാർ-സർക്കാരിതര ജീവനക്കാരും പഞ്ചായത്തധികൃതരുടെ നിർദേശമനുസരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹകരിച്ചു. അഴുക്കുചാലുകളിൽ കുമിഞ്ഞു കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയും ചെയ്തു. മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും മുൻവശത്തും പിൻവശത്തുമുള്ള മാലിന്യങ്ങളും നീക്കം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വ്യാപാര സംഘടന പ്രവർത്തകർ , ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ, മോണിംഗ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമി വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ-സി.ഡി.എസ് അംഗങ്ങൾതുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. രണ്ടാംഘട്ടമെന്ന നിലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വാർഡ് ശുചീകരണവും മെയ് ഒന്ന്, രണ്ട് തീയതികളിൽ ഗൃഹസന്ദർശനവും നടത്തും.

ശുചീകരണ പ്രവർത്തി പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ.രജീഷ് അധ്യക്ഷനായി. ടൗൺ വാർഡ് അംഗം കെ.പി. അബ്ദുൾ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, ഷിനോജ് നരിതൂക്കിൽ, വി.കെ .വിനേശൻ, ഷബി നന്ത്യത്ത്, ഹെല്ത്ത് ഇൻസ്‌പെക്ടർ പി.കെ.പ്രീജിത്ത്, എം.സി.കുട്ടിച്ചൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!