മഴയില്ലെങ്കിൽ കുടിവെള്ളം മുട്ടും
ഇരിട്ടി: വേനൽമഴ കനിഞ്ഞില്ലെങ്കിൽ ഇത്തവണ പഴശ്ശി റിസർവോയറിൽ നിന്നുള്ള കുടിവെള്ള വിതരണം ആശങ്കയിൽ. ഓരോ ദിവസവും നാലു സെന്റി മീറ്റർ എന്ന കണക്കിലാണ് വെള്ളം കുറയുന്നത്. ഒരാഴ്ചയ്ക്കിടെ മാത്രം സംഭരണിയിൽ നിന്ന് അരമീറ്ററിൽ അധികം വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് കുടിവെള്ള വിതരണത്തെയും ബാധിക്കും.
ഫെബ്രുവരി ആദ്യവാരത്തിൽ പഴശ്ശിയുടെ പൂർണ സംഭരണശേഷിയിൽ (എഫ്ആർഎൽ) 26.52 മീറ്റർ വെള്ളം ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം പഴശിയിൽ ഇപ്പോൾ 22. 45 മീറ്റർ വെള്ളമാണുള്ളത്. ഒന്നര മാസത്തിനിടെ നാലു മീറ്ററിൽ അധികം വെള്ളമാണ് കുറഞ്ഞത്. വേനൽ മഴ പ്രതീക്ഷിച്ചപോലെ ലഭിക്കാതിരുന്നതോടെ നീരൊഴുക്കിൽ വൻ കുറവാണുണ്ടായത്.
ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാൽ 22.92 മീറ്റർ ഉണ്ടായിരുന്ന വെള്ളം കഴിഞ്ഞദിവസം 22.45 ലേക്ക് താഴ്ന്നു. സംഭരണശേഷി മൂന്ന് മീറ്ററും കൂടി താഴ്ന്നാൽ കുടിവെള്ള വിതരണത്തെയും ബാധിക്കും. സംഭരണിയിൽ 18.50 മീറ്റർ വെള്ളമുണ്ടെങ്കിൽ മാത്രമെ കുടിവെള്ള വിതരണത്തിനുള്ള പമ്പിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം തടസമില്ലാതെ നടക്കുകയുള്ളൂ.
പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ഇത്തവണ വേനൽമഴ ലഭിക്കുന്നത് വളരെ കുറച്ചു മാത്രമാണ്. കൂടാതെ, കുടക് ജില്ലയിൽ മഴകുറഞ്ഞതും തിരിച്ചടിയായി. ബ്രഹ്മഗിരി വന്യജീവി സങ്കേത്തതിനുള്ളിലെ പല നീരുറവകളും വറ്റിയതോടെ ബാരാപോൾ പുഴയിലേക്കുള്ള നീരൊഴുക്കിൽ വലിയ കുറവുണ്ടായി. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ഭാഗമായി വരുന്ന ബാവലി പുഴയിലും നീരൊഴുക്കിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. വനത്തിൽനിന്ന് ഉത്ഭവിക്കുന്ന കക്കുവ, ചീങ്കണ്ണിപ്പുഴകളിൽ ഒഴുക്ക് പൂർണമായും നിലച്ചു. മലയോര മേഖലയിൽനിന്ന് ബാവലി, ബാരാപോൾ പുഴകളിലേക്ക് എത്തുന്ന ചെറിയ പുഴകളും തോടുകളും വറ്റി വരണ്ടു.
കണ്ണൂർ ജില്ലയിലെ മൂന്നിൽ രണ്ട് പ്രദേശങ്ങളിലും കുടിവെള്ളം എത്തുന്നത് പഴശ്ശി പദ്ധതിയിൽ നിന്നാണ്. ഇപ്പോൾ കുടിവെള്ളത്തിനുള്ള പമ്പിംഗ് സ്റ്റേഷനുകളിൽ ആവശ്യത്തിൽ കൂടുതൽ വെള്ളം ഉണ്ടെങ്കിലും ഏപ്രിൽ ആവസാനം വരെ ഇതേ ചൂടും വരൾച്ചയും തുടർന്നാൽ കുടിവെള്ള വിതരണത്തെയും ബാധിക്കും. 250 ദശലക്ഷം ലിറ്ററിലധികം വെള്ളമാണ് പഴശി പദ്ധതിയിൽ നിന്ന് ദിനംപ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്.
ഒരു കോർപറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വേനലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ കുടിവെള്ളം എത്തിക്കുന്നത് പഴശ്ശി പദ്ധതിയിൽ നിന്നാണ്. ഇതിനായി ആറ് വലിയ കുടിവെള്ള പദ്ധതികളാണ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. കൂടാതെ, മറ്റ് അഞ്ച് ചെറുകിട പദ്ധതികളുമുണ്ട്. പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോൾ പദ്ധതിയിലേക്കുള്ള നീരൊഴുക്ക്.
