‘മാനസികമായി പീഡിപ്പിക്കുന്നു’; കോഴിക്കോട് മെഡിക്കല്‍ കോളജ് സൈക്യാട്രി അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൈക്കാട്രി വിഭാഗത്തിലെ അധ്യാപകർക്കെതിരെ വിദ്യാർഥികളുടെ കൂട്ടപരാതി. പിജി വിദ്യാർഥികളെ അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോക്ടർ അനിതകുമാരി, ഡോക്ടർ സി.എ സ്മിത എന്നിവർക്കെതിരെയാണ് വിദ്യാർഥികളൊന്നടങ്കം പരാതിയുമായി രംഗത്തെത്തിയത്. ഈ അധ്യാപകർ നിരന്തരം അവഹേളിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരാതിയിൽ പറയുന്നു.
ചെറിയ വീഴ്ചകളെ പർവതീകരിച്ച് രോഗികളുടെയും കൂട്ടിരിപ്പുകാരുടേയും ആശുപത്രി ജീവനക്കാരുടെയും മുമ്പിൽ വെച്ച് ശകാരിക്കുന്നെന്നും പ്രൊസീജ്യറിന്‍റെ ഭാഗമായുള്ള കാര്യങ്ങൾ ചെയ്താൽ പോലും അതംഗീകരിക്കാതെ വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നുവെന്നും വിദ്യാർഥികൾ പരാതിയിൽ ചൂണ്ടിക്കാട്ടി. തങ്ങൾക്കനുകൂലമായി നിലകൊണ്ടില്ലെങ്കിൽ മാർക്ക് കുറക്കും എന്നടക്കമുള്ള പരോക്ഷ ഭീഷണി ഉയർത്തിയതോടെ വിദ്യാർഥികൾ പ്രിൻസിപ്പലിനെ നേരിൽ കണ്ട് പരാതി പറയുകയായിരുന്നു.
പ്രിൻസിപ്പലിന്‍റെ നിർദേശപ്രകാരം മുഴുവൻ വിദ്യാർഥികളും വെവ്വേറെ രേഖാമൂലം പരാതി നൽകി. ഗ്രീവൻസ് സെല്ലിലും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. വലിയ മാനസിക സമ്മർദത്തിലൂടെയാണ് വിദ്യാർഥികൾ കടന്നുപോകുന്നതെന്നും രണ്ട് അധ്യാപകർക്കെതിരെയും കർശന നടപടി വേണമെന്നുമാവശ്യപ്പെട്ട് കോളജ് യൂണിയനും എസ്എഫ്ഐയും രംഗത്തെത്തി. അധ്യാപകരുടെ അധിക്ഷേപത്തെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാംവർഷ ഡെന്‍റൽ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയത് അടുത്തിടെയാണ്. ഇന്ന് ചേരുന്ന ഡിപ്പാർട്ട്മെന്‍റ് തല യോഗത്തിൽ അധ്യാപകർക്കെതിരെ നടപടിയില്ലെങ്കിൽ പരസ്യപ്രക്ഷോഭത്തിലേക്ക് കടക്കാനാണ് മെഡിക്കൽ പിജി വിദ്യാർഥികളുടെ തീരുമാനം.
