റബർ ഷീറ്റ് മോഷ്ടാക്കൾ കണ്ണവം പോലീസിന്റെ പിടിയിൽ
കണ്ണവം : വിവിധ പ്രദേശങ്ങളിൽ നിന്നും റബ്ബർ ഷീറ്റുകൾ മോഷ്ഠിച്ച രണ്ടു യുവാക്കളെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂർ വെള്ളർവള്ളിയിലെ മാട്ടയിൽ എം.എം യദുകൃഷ്ണൻ, മാലൂർ നിട്ടാറമ്പിലെ സി.വിഷ്ണു എന്നിവരാണ് അറസ്റ്റിലായത് .
കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ എടയാർ , ആലച്ചേരി, കൊളത്തായി, പേരാവൂർ സ്റ്റേഷൻ പരിധിയിലെ ആര്യപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നാണ് സംഘം റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചത്. വീടുകളിലും മറ്റും ഉണങ്ങാനിട്ട റബ്ബർ ഷീറ്റുകളാണ് സ്കൂട്ടറിലെത്തി മോഷ്ടിച്ച് കടന്ന് കളഞ്ഞത്. കണ്ണവം പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണത്തിന്റേയും ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എസ്.ഐ അനൂപ്.കെ.ഗോവിന്ദ്, അഡീഷണൽ എസ്.ഐമാരായ ഹാഷിം, ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, രാകേഷ് ,സിവിൽ പോലീസ് ഓഫീസർമാരായ അഷറഫ്, ഷിബിൻ,ഗോപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
