മരങ്ങൾ നിന്നുകത്തി, ചിതറിത്തെറിച്ച് ശരീരങ്ങൾ; ആ നാൽപതുപേരിൽ ഇനി എത്രപേർ ജീവനോടെ? ആശങ്കയോടെ നാട്

Share our post

തൃശ്ശൂർ: ഉച്ചഭക്ഷണത്തിനുശേഷുള്ള ആലസ്യത്തിലായിരുന്നു മുണ്ടത്തിക്കോട്. മൂന്ന് നാളുകൾക്കപ്പുറം വരാനിരിക്കുന്ന തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങൾ നിർമിക്കുന്ന തകൃതിയിലായിരുന്നു ജോലിക്കാർ. വൈകീട്ട് മൂന്നരയോടെയാണ് എല്ലാം മാറിമറിഞ്ഞത്. പൊടുന്നനെ ഭൂകമ്പസമാനമായ ശബ്ദം കേട്ടാണ് ആളുകൾ ഞെട്ടിയത്. ഓടിയെത്തിയവർ കണ്ടത് നിന്നു കത്തുന്ന വെടിപ്പുരകളാണ്. പ്രദേശമാകെ പൂകമൂടിക്കഴിഞ്ഞിരുന്നു. മരങ്ങളിലേയ്ക്കും തീ പടർന്നു. ചിലത് ചിന്നിത്തെറിച്ചു. വെടിപ്പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡ്ഡുകൾ തകർന്ന് തെറിച്ച് അവ നിർമിച്ചിരുന്ന കല്ലുകൾ ദൂരെ പാടത്തേക്കുവരെ തെറിച്ചുവീണു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തി. പുകയുയർന്നപ്പോൾ തന്നെ ഇറങ്ങിയോടിയ ചിലർ ഞെട്ടലൊഴിഞ്ഞതോടെ അപകടത്തിൽപ്പെട്ട മറ്റുള്ളവരെ ആശുപത്രിയിലെത്താക്കാനായി പാഞ്ഞു. പക്ഷേ, ദുരന്തം അതിന്റെ ഏറ്റവും ഉഗ്രമായ വ്യാപ്തിയിൽ തന്നെ ബാധിച്ചിരിക്കുകയാണെന്നാണ് വിവരം. അഞ്ചു പേർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. നാൽപതോളം പേരെ ഇതിനോടകം ആശുപത്രിയിൽ ചികിത്സയിലുണ്ട്.

വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നാട്ടുകാർക്കും രക്ഷാപ്രവർത്തകർക്കും എത്തിച്ചേരാനാകാത്തതാണ്  ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. പാടശേഖരത്തോട് ചേർന്നുള്ള വലിയൊരു പറമ്പിലാണ് വെടിക്കെട്ടുപുരകൾ പ്രവർത്തിച്ചിരുന്നത്. അഞ്ച് വെടിക്കെട്ട് പുരകളും കത്തിനശിച്ചു. അപകടസ്ഥലത്തേക്കുള്ള ആംബുലൻസുകളുടേയും രക്ഷാപ്രവർത്തകരുടേയും എത്തിച്ചേരൽ ദുഷ്‌കരമായി തുടരുകയാണ്. ജെസിബി ഉൾപ്പെടെയുള്ള സ്ഥലത്തെത്തി രക്ഷാപ്രവർത്തനവാഹനങ്ങൾക്കുള്ള വഴി നിർമ്മിക്കുകയാണ്.

സമീപത്തെ പറമ്പുകളിലെല്ലാം ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ്. ഫയർഫോഴ്‌സിനും ഇതുവരെ അപകടസ്ഥലത്തിന് സമീപം എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും സ്‌ഫോടനം തുടർന്നുകൊണ്ടേയിരിക്കുന്നു രണ്ട് വലിയ സ്‌ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്‌ഫോടനശബ്ദം കേട്ടു. ഭൂകമ്പമാണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. പിന്നീട് പുകയുയർന്നതോടെയാണ് അപകടമാണെന്ന് തിരിച്ചറിഞ്ഞത്.

40 പേരാണ് വെടിപ്പുരകളിൽ ഉണ്ടായിരുന്നത്. 23 പേരെ തൃശ്ശൂർ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റു ചിലരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശരീരഭാഗങ്ങൾ അറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ലത്. സമീപത്തെ വീടുകൾക്കും കാര്യമായ നാശനഷ്ടം. ചില്ലുകൾ പൊട്ടിത്തെറിച്ചും മറ്റും വീടുകളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെടിക്കെട്ടപകടങ്ങളിലൊന്നായി മാറുമെന്നാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!