വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്- നിർദേശംനൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Share our post

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. പേരാമ്പ്രയിലേയും നെന്മാറയിലേയും സ്ട്രോങ് റൂം വിവാദത്തിന് പിന്നാലെയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറിന്റെ ഇടപെടൽ ഉണ്ടായത്. വിവാദങ്ങൾ ഒഴിവാക്കാനാണ് നിലവിലെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകി. പേരാമ്പ്ര സംഭവത്തിൽ റിട്ടേണിങ് ഓഫീസർ റിപ്പോർട്ട് നൽകിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം സ്‌കൂളിൽ വോട്ടിങ്‌യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മുറി തുറന്നതിനെച്ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോർ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ (ആർ.ഒ.) നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തുറന്നത്. ഇതിനുപിന്നാലെ പാലക്കാട് വിക്ടോറിയ കോളേജിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മുറിയും തുറക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ, യുഡിഎഫിന്റെ എതിർപ്പിനെത്തുടർന്ന് പിന്നീട് ഇത് മാറ്റിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടൽ ഉണ്ടായത്. പേരാമ്പ്ര സംഭവത്തിൽ റിട്ടേണിങ് ഓഫീസർ റിപ്പോർട്ട് നൽകി. വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!