കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഈ വർഷത്തെ ഹജ്ജ് ക്യാമ്പിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. പന്തലിന്റെ കാൽനാട്ടു കർമം കിയാൽ എംഡി സി.ദിനേശ് കുമാർ നിർവഹിച്ചു. വിമാനത്താവളത്തിൽ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിനും പോലീസ് സ്റ്റേഷനും ഇടയിലുള്ള സ്ഥലത്താണ് ഹജ്ജ് ക്യാമ്പ് ഒരുക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം മേയ് അഞ്ചിന് വൈകുന്നേരം നടക്കും. ആറിനാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സർവീസ്. 13 സർവീസുകളാണ് ജിദ്ദയിലേക്ക് നടത്തുക. സൗദി എയർലൈൻസിന് കീഴിലുള്ള ഫ്ലൈ അദീൽ കമ്പനിയാണ് കണ്ണൂരിൽ നിന്ന് ഈ വർഷം ഹജ്ജ് സർവീസ് നടത്തുന്നത്. 4286 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളത്തിലെ പുറപ്പെടൽ കേന്ദ്രം വഴി ഹജ്ജിന് പോകുന്നത്.
ഹജ്ജ് കമ്മിറ്റിയംഗം പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗങ്ങളായ ഒ.വി.ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, കിയാൽ സിഒഒ അശ്വിനികുമാർ, സിഎഫ്ഒ എസ്.ജയകൃഷ്ണൻ, നിസാർ അതിരകം, സി.കെ.സുബൈർ ഹാജി, എം.സി.കെ. അബ്ദുൾഗഫൂർ, സമീർ അഴിക്കോട്, എം.കെ. അബ്ദുസലാം, താജുദ്ദീൻ മട്ടന്നൂർ, എസ്. ജയകൃഷ്ണൻ, നിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
