നിതിൻ രാജിന്റെ മരണം: കണ്ണൂർ സിറ്റി കമ്മീഷണറെ സന്ദർശിച്ച് കുടുംബം, പ്രിൻസിപ്പലിനെ പ്രതി ചേർക്കണമെന്ന് ആവശ്യം
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ സന്ദര്‍ശിച്ചു. ആരോപണ വിധേയരായ ഡോ. റാമിനെയും സംഗീതയെയും ഇനിയും പിടികൂടാനാകാത്ത സാഹചര്യത്തിലാണ് സന്ദര്‍ശനം. കേസില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
‘കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അധ്യാപകര്‍ നിതിനെ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്തു. അധ്യാപകര്‍ക്ക് 2,000 രൂപ വീതം നല്കി പ്രശ്നം പരിഹരിക്കാമായിരുന്നല്ലോ. ഞാന്‍ തിരികെ നല്‍കുമായിരുന്നല്ലോ’, പിതാവ് രാജന് പ്രതികരിച്ചു.
അതേസമയം നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്നാരോപിച്ചും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.
മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ ഡെന്റല്‍ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ ഇതിനകം നിരവധി കേസുകളുണ്ട്.
സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ത്താല്‍.
