വേനൽ കടുക്കുമ്പോൾ മറഞ്ഞിരിക്കുന്ന അപകടം; എടുക്കാം ചില മുൻകരുതലുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. പാലക്കാട് 40 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടിനെ നേരിടാൻ ജനങ്ങൾ പല വഴി തേടുമ്പോൾ മറിഞ്ഞിരിക്കുന്ന മറ്റൊരു അപകടം കൂടി നമുക്ക് മുൻപിലുണ്ട്. അത് പാമ്പുകളാണ്. മനുഷ്യർക്ക് പോലും സഹിക്കാൻ ഈ അന്തരീക്ഷത്തിൽ മാളങ്ങൾക്കുള്ളിൽ വസിക്കുന്ന പാമ്പുകൾക്ക് അതിലേറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ തണുപ്പ് പ്രദേശങ്ങൾ തേടി ഇവ കല്ലുകെട്ടികളിലും മാളങ്ങളിൽ നിന്നും പുറത്തിറങ്ങും. ശീതരക്തമുള്ള ഉരകങ്ങളായതുകൊണ്ടാണ് ഇവ തണുപ്പ് തേടി ഇറങ്ങുന്നത്.
വീടുകളിലെ ചില ഇടങ്ങളാണ് വേനൽക്കാലത്ത് ഇവയ്ക്ക് സുരക്ഷിതത്വം. അവരുടെ സുരക്ഷിതത്വം മനുഷ്യർക്ക് മറഞ്ഞിരിക്കുന്ന അപകടം കൂടിയാണെന്ന് ഉറങ്ങി കിടന്ന കുട്ടി മരണപ്പെട്ടതും സംസ്ഥാനത്ത് തീരാവേദനയായി. ഈ സാഹചര്യത്തിലാണ് വേനൽകാലത്ത് പാമ്പ് വരാതിരിക്കാനുള്ള മുൻകരുതലുകൾ പങ്കുവെയ്ക്കുന്നത്.
വേനൽക്കാലത്ത് പാമ്പ് വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ ?
* വീടും വീടിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കുക.
* വീടിനോട് ചേർന്ന് നിൽക്കുന്ന മരങ്ങളും വള്ളിചെടികളും ചാഞ്ഞു കിടക്കുന്ന മരകൊമ്പുകളും ഉണ്ടെങ്കിൽ വെട്ടി മാറ്റണം.
* ചെടി ചട്ടികൾ, ഇൻഡോർ ആന്റ് ഔട്ട്ഡോർ പ്ലാന്റുകൾ എപ്പോഴും തണുപ്പ് നിറഞ്ഞ ഇടങ്ങളായതുകൊണ്ട് തന്നെ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.
* ഭക്ഷണാവശിഷ്ടങ്ങൾ കഴിവതും പുറത്ത് അധികം കളയാതിരിക്കുക. ഭക്ഷണാവശിഷ്ടങ്ങൾ പുറത്തെറിഞ്ഞാൽ അത് കഴിക്കാൻ എലികളും അവയെ പിടിക്കാൻ പാമ്പുകളും എത്തുന്നതിനുള്ള സാധ്യത വർധിപ്പിക്കും.
*അടുക്കളയ്ക്ക് അകത്തുള്ള കബോർഡുകളിലും ഗ്യാസ് കുറ്റിക്ക് അടിയിലും ഫ്രിഡ്ജ് ഇരിക്കുന്ന ഇടങ്ങളിലും പാമ്പ് കയറിയിരിക്കാനുള്ള സാധ്യത കൂടും
* വീട്ടിലെ കുളിമുറികളിൽ, കുളിക്കുമ്പോഴും മറ്റും വരുന്ന വെള്ളം പോകുന്നതിനായുള്ള ചെറിയ ഹോളുകൾ വരുന്ന ചെറിയ നെറ്റ് ഉപയോഗിക്കുക.
വെള്ളം പോകുന്നത് പറമ്പിലെ ഓവ് ചാലുകളിലേയ്ക്ക് ആണെങ്കിൽ ആ പൈപ്പ് വഴി പാമ്പ് കുളിമുറിയിലേയ്ക്ക് എത്തുന്നതിനുള്ള സാധ്യത കൂട്ടും. അതുകൊണ്ട് വെള്ളം മാത്രം പോകുന്ന രീതിയുള്ള നെറ്റ് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
*രാത്രി കിടക്കുമ്പോൾ മെത്ത, തലയിണ കട്ടിലിന്റെ അടിഭാഗം എല്ലാം തട്ടി കുടയുകയും പ്രത്യേകം നിരീക്ഷിച്ചതിന് ശേഷം മാത്രം ഉറങ്ങാൻ കിടക്കുക.
*ജനലുകളും മറ്റും അടച്ച് ഹോളുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം.
*ഹെൽമെറ്റ്, ഷൂസ് എന്നിവയെല്ലാം എടുത്ത് ഇടുന്നതിന് മുൻപേ തന്നെ തറയിൽ തട്ടികുടഞ്ഞതിന് ശേഷം ധരിക്കുക.
*കുളിമുറികളിലെന്ന പോലെ അടുക്കളയിൽ നിന്നും വെള്ളം പോകുന്ന പൈപ്പിന്റെയും ഭാഗങ്ങൾ നെറ്റു പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് അടച്ചുവെയ്ക്കേണ്ടതാണ്. വെള്ളം മാത്രം പോകുന്ന രീതിയിൽ ഉപയോഗപ്പെടുത്തുക.
* ഇപ്പോൾ ഭൂരിഭാഗം വീടുകളിലും അടുക്കള തീർത്തും ഗ്രിൽ ഉപയോഗിച്ച് നിർമിച്ചതാകും. അതുകൊണ്ട് തന്നെ കൊതുകു വല പോലുള്ള നെറ്റ് വെച്ച് അടയ്ക്കുന്നതും പാമ്പുകൾ അകത്ത് കടക്കുന്നത് തടയാൻ സാധിക്കും.
*പൈപ്പിന്റെ ചുവടുകളും, പുറത്ത് കുളിമുറിയുണ്ടെങ്കിൽ അവിടങ്ങളിൽ, കിണറിന് ചുറ്റും, പാമ്പുകൾ കയറി ഇരിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങളിൽ പ്രത്യേകം മുൻകരുതലുകൾ എടുക്കുക.
*ഫ്രിഡ്ജിനും വാഷിംഗ് മെഷീനിന്റെയും അകത്തും പാമ്പുകൾ കയറിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. വാഷിംഗ് മെഷീനിന്റെ വെള്ളം പോകുന്ന പൈപ്പുകൾ വഴി അകത്ത് കയറി ഇരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
*യൂറോപ്യൻ ക്ലോസറ്റിനുള്ളിലും പാമ്പ് കയറി ഇരിക്കുന്നത് പതിവ് കാഴ്ചയാണ്. ആയതിനാൽ, ക്ലോസ്റ്റ് എപ്പോഴും അടച്ചു വെയ്ക്കേണ്ടതാണ്. തുറന്ന് വെയ്ക്കുന്നത് പാമ്പിന് അകത്ത് കയറി കൂടാനുള്ള സാധ്യതയെയാണ് വർധിപ്പിക്കുന്നത്.
പാമ്പുകളും മിഥ്യാധാരണകളും
* ടൈൽസ് ഇട്ട തറകളിൽ പാമ്പുകൾ കയറുമോ..?
ടൈൽസ് ഇട്ട തറകളിൽ പാമ്പുകൾ കയറുകയില്ല എന്ന ധാരണ തീർത്തും തെറ്റായ ഒന്നാണ്. പാമ്പിന് ഇഴയാനുള്ള സാധ്യതയുണ്ടെങ്കിൽ തീർച്ചയായും അവ കയറും. ടൈൽസുകളിൽ സുഖമായി പാമ്പിന് ഇഴയാൻ കഴിയുന്ന ഇടമാണ്. പാമ്പ് എന്നത് കാലും കൈയും ഇല്ലാത്ത തല മുതൽ വാലു വരെ തറയിൽ ഇഴയുന്ന ജീവിയാണ്. പാമ്പുകളുടെ തൊലി പരുക്കൻ ആകുമ്പോഴാണ് അവ പടം പൊഴിക്കുക. പുതുതായി അവർക്ക് വരുന്ന തൊലി അത്രയ്ക്കും നേർത്തതാണ്. പാമ്പുകൾ ഇഴയുന്ന ഭാഗം തീർത്തും എണ്ണ മെഴുക്കിൽ തൊടുന്നതുപോലെ വഴുവഴുപ്പ് നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ, ടൈൽസ് എന്നോ പരുക്കൻ തറകൾ എന്നോ ഇല്ല. അവയ്ക്ക് ഇഴയാൻ സാധിക്കുന്ന ഇടത്തെല്ലാം അവ കയറുമെന്നതിൽ സംശയമില്ല.
മറ്റൊരു വസ്തുത എന്തെന്നാൽ, മറ്റിടങ്ങൾ പോലെ വളരെ വേഗതയിൽ പാമ്പുകൾക്ക് ടൈൽസിൽ ഇഴയാൻ സാധിക്കില്ല എന്നതാണ്. ടൈൽസും ചെറിയ രീതിയിൽ സ്മൂത്ത് ആയതിനാലാണ് അവയ്ക്ക് വേഗത്തിൽ ഇഴയുന്നതിൽ ചെറിയ തടസം നേരിടുന്നത്. എന്നിരുന്നാൽ പോലും ടൈൽസുകളിൽ പാമ്പുകൾ ടൈൽസ് ഇട്ട തറകളിലും കയറി വരും.
* കെട്ടിട സമുച്ചയങ്ങളിൽ പാമ്പുകൾ കയറുന്ന രീതി എങ്ങനെ..?
പൈപ്പുകളും ചുവരുകളിലെ എയർ ഹോൾ വഴികളിലൂടെയുമാണ് പ്രധാനമായും പാമ്പുകൾ കയറുന്നത്. വാലുകളുടെ സഹായത്തോടെയാണ് ഇവ മുകളിലേയ്ക്ക് കയറി പോകുന്നത്. പൈപ്പ് വഴിയാകുമ്പോൾ പാമ്പുകൾ എളുപ്പും കയറി പോകാൻ സാധിക്കും. എത്ര നില വരെ വേണമെങ്കിലും ഇത്തരത്തിൽ ഇവയ്ക്ക് കയറി പോകാം. തൊട്ടടുത്ത് മരങ്ങൾ ഉണ്ടെങ്കിൽ അതുവഴിയും പാമ്പുകൾ കയറി വരാം. പാമ്പുകൾ മരത്തിൽ കയറുകയില്ല എന്നൊരു ധാരണ പൊതുവെ ജനങ്ങൾക്കിടയിൽ ഉണ്ട്. മലമ്പാമ്പ് ഉൾപ്പടെയുള്ള പാമ്പുകൾ മരത്തിൽ കയറും എന്നതാണ് വസ്തുത. ചേരയാണ് ഏറ്റവും വേഗത്തിലും ഉയരത്തിലും മരം കയറുന്ന പാമ്പ്. മരത്തിനോട് ചേർന്ന് നിൽക്കുന്ന സമുച്ചയങ്ങളാണെങ്കിൽ അങ്ങനെയും അവയ്ക്ക് അകത്തേയ്ക്ക് കയറാൻ സാധിക്കും.
* വെളുത്തുള്ളി മിശ്രിതവും മണ്ണെണ്ണയും മറ്റും പറമ്പിന് ചുറ്റും തെളിച്ചാൽ പാമ്പുകൾ വരാതിരിക്കുമോ..?
തീർത്തും തെറ്റായ ധാരണ. വെളുത്തുള്ളി മിശ്രിതവും മണ്ണെണ്ണയും പെട്രോളും ഡീസലും ഒഴിച്ചാൽ ഇതിന്റെ മണങ്ങൾ കിട്ടിയാൽ എന്ന് ജനങ്ങൾ കരുതുന്നത് തെറ്റായ ഒന്നാണ്. യഥാർഥത്തിൽ പാമ്പുകൾക്കുള്ള മൂക്ക് ശ്വസിക്കാൻ മാത്രമുള്ളതാണ്. മണം പിടിക്കാനുള്ള കഴിവ് അവയ്ക്ക് ഇല്ല. അതുകൊണ്ട് തന്നെ മേൽപറഞ്ഞവയൊന്നും പറമ്പിന് ചുറ്റം ഒഴിച്ചിട്ട് കാര്യമില്ല. വെളുത്തുള്ളി മിശ്രിതവും പെട്രോളും പോലുള്ളവ പാമ്പിന്റെ ദേഹത്ത് വീണാൽ പൊള്ളലേൽക്കുകയും അവയുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കും എന്നതിൽ ഉപരി പാമ്പുകൾ വരുന്നതിനെ തടയാൻ സാധിക്കില്ല എന്ന് മാത്രം.
* പാമ്പ് കടിയേറ്റാൽ ആദ്യം സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ..?
പാമ്പ് കടിയേറ്റാൽ പ്രാഥമിക ശുശ്രൂഷ ഇല്ല. പാമ്പ് കടിയേറ്റതായി തോന്നിയാൽ ഉടനടി ആന്റി വെനം (Anti-Venom) കിട്ടുന്ന അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുക. പാമ്പ് കടിയേറ്റ ഭാഗത്ത് തേച്ച് കഴുകാനോ, കെട്ടിവെയ്ക്കാനോ, രക്തം പിഴിഞ്ഞ് കളയാനോ ശ്രമിക്കരുത്. ഇതെല്ലാം അശാസ്ത്രീയ രീതിയാണ്. പാമ്പു കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതെ ഇരിക്കുക, കടിയേറ്റ് കിടക്കുന്ന ആളെ കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ കഴിവതും സാന്ത്വനപ്പെടുത്താൻ ആണ് ശ്രമിക്കേണ്ടത്. ഈ രീതി ആരും തന്നെ പിന്തുടരുന്നില്ല എന്നതാണ് വാസ്തവം. നാട്ടുചികിത്സകളോ സ്വയം ചികിത്സയോ ചെയ്ത് സമയം കളയാതെ ഉടനടി ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ കൈകൊള്ളുക.
ആംബുലൻസിൽ ആണ് രോഗിയെ കൊണ്ടുപോകുന്നതെങ്കിൽ കിടത്തി കൊണ്ടപോകുക, സ്കൂട്ടറിലോ, കാറിലോ ആണെങ്കിൽ ഇരുത്തിയും കൊണ്ടുപോകാവുന്നതാണ്. രോഗിയുടെ കൂടെ ഒരാൾ ഉണ്ടായിരിക്കണം. കാരണം പാമ്പകടിയേറ്റ ആൾക്ക് ക്ഷീണവും തളർച്ചയും തലകറക്കവും അനുഭവപ്പെടാം. ഈ സാഹചര്യത്തിലാണ് കൂടെ ആൾ ഉണ്ടായിരിക്കണമെന്ന മുന്നറിയിപ്പ് നൽകുന്നത്. കടിച്ച പാമ്പിനെ അന്വേഷിച്ച് പോകുന്നതിന് പകരം പാമ്പ് കടിയേറ്റ ആളെ ഉടനടി ആശുപത്രിയിൽ എത്തിക്കുക.
വിഷം കൂടിയ പാമ്പുകളുടെ കടിയേറ്റാൽ കടുത്ത വേദന, കടിച്ച ഭാഗത്ത് നീര്, നിറം മാറ്റം സംഭവിക്കും, ഛർദി, ബോധക്ഷയം ഇവയെല്ലാം സംഭവിക്കും. അതുകൊണ്ട് പെട്ടെന്ന് തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും. എന്നാൽ ചില പാമ്പുകൾ കടിച്ചാൽ ഇവയൊന്നും ഉണ്ടാകില്ല. പാമ്പുകടിയേറ്റ നാലു മുതൽ എട്ട് മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. അതുകൊണ്ട് ഈ വേനൽകാലത്ത് അത്രയ്ക്കും ജാഗ്രതയോടു കൂടി മുൻപോട്ടു പോവുക.
* മെയ്-ജൂൺ മാസങ്ങൾ പാമ്പുകൾ മുട്ടയിട്ട് വിരിയുന്ന സമയമോ..?
അതെ, വേനൽക്കാലം ആയതുകൊണ്ട് പാമ്പുകൾ പുറത്തിറങ്ങുന്ന സമയമെങ്കിൽ മെയ്-ജൂൺ മാസങ്ങളിൽ പാമ്പുകളുടെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഇറങ്ങുന്ന സമയമാണ്. ഒരുപാട് പാമ്പിൻ കുഞ്ഞുങ്ങൾ വിരിഞ്ഞ് പുറത്തിറങ്ങുന്ന സമയമാണ്. അതീവ ജാഗ്രത പുലർത്തേണ്ട സമയം കൂടിയാണിത്. തള്ള പാമ്പ് അടയിരുന്ന് അല്ല മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഇറങ്ങുന്നത്. മുട്ടയിട്ട് പാമ്പുകൾ അവരുടെ വഴിക്ക് പോകും. അപൂർവം ചില പാമ്പുകൾ മാത്രമാണ് അടയിരിക്കുന്നത്. മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങൾ അവരുടേതായ ഇടങ്ങൾ കണ്ടെത്തുന്നത് വരെ എവിടെ കയറി ഇരുന്നാൽ ആണോ സുരക്ഷിതത്വം തോന്നുന്നത് അത്തരം ഇടങ്ങളിൽ കയറി ഇവ സ്ഥാനം പിടിക്കും.
അതുകൊണ്ടാണ് കുഞ്ഞു പാമ്പുകൾ വീടിനുള്ളിലേയ്ക്ക് കയറി വരുന്നത് പലയിടത്തും നാം കാണുന്നത്. കൗതുകം കൊണ്ടായാലും അല്ലാതെയായാലും കുഞ്ഞു പാമ്പുകളെ കുപ്പി വെച്ച് പിടിച്ച് അതിലേയ്ക്ക് പിടിച്ച് ഇടാൻ ശ്രമം നടത്തരുത്. കുഞ്ഞു പാമ്പുകളിൽ വിഷത്തിന്റെ അളവിൽ കുറവ് മാത്രമേ ഉള്ളൂ, വലിയ പാമ്പുകളെ അപേക്ഷിച്ച് കുഞ്ഞു പാമ്പുകളിലെ വിഷത്തിന്റെ വീര്യം പതിൻമടങ്ങ് ആയിരിക്കും. അതുകൊണ്ട് കുഞ്ഞു പാമ്പുകളെ പിടിച്ചു വെയ്ക്കാനുള്ള ശ്രമങ്ങൾ നടത്തരുത്. ഉടനടി വനംവകുപ്പിലോ ബന്ധപ്പെട്ടവരുമായോ ബന്ധപ്പെടുക. മാറി നിന്ന് കുഞ്ഞു പാമ്പുകൾ എവിടെയാണ് കയറി ഇരിക്കുന്നതെന്ന് മാത്രം ശ്രദ്ധിച്ച് അത് ബന്ധപ്പെട്ടവരുമായി പങ്കുവെയ്ക്കുക.
