‘നിർണായകമായ ആ ഏഴ് മിനിറ്റ് ദൃശ്യങ്ങൾ മാത്രം എവിടെപ്പോയി?’: വിയ്യൂർ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ കാണാനില്ല, അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Share our post

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി എൻഐഎ കോടതി. വിചാരണത്തടവുകാരന്റെ പരാതിയിലാണ് ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറലിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നും എൻഐഎ കോടതി നിരീക്ഷിച്ചു.

കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജഡ്ജി പി.കെ മോഹൻദാസാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. 2023 സെപ്റ്റംബറിൽ വിയ്യൂർ ജയിലിൽ വിചാരണത്തടവുകാരനായിരിക്കെ, കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ജയിൽ ജോയിൻറ് സൂപ്രണ്ട് ചവിട്ടിത്തെറിപ്പിച്ചുവെന്നാണ് പരാതി. സി.ജി രാജൻ എന്ന വിചാരണത്തടവുകാരനാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് കോടതി സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സംഭവം നടന്ന 2023 ജൂൺ അഞ്ചിന് രാവിലെ 9.10 മുതൽ 9.17 വരെയുള്ള സമയത്തെ സിസിടിവി ദൃശ്യങ്ങൾ ജയിലധികൃതർ ഹാജരാക്കിയില്ല. ഈ സമയത്തെ മാത്രം ദൃശ്യങ്ങൾ ഇല്ലാത്തത് സംശയം ജനിപ്പിക്കുന്നതാണെന്ന് എൻഐഎ കോടതി നീരീക്ഷിച്ചു. ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറലിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

നേരത്തേ ഹൈക്കോടതിയും സമാനമായ നിരീക്ഷണം നടത്തുകയും ഹരജി തുടർ പരിഗണനയ്ക്കായി എൻഐഎ കോടതിക്ക് കൈമാറുകയുമായിരുന്നു. അതിനിടെ ഭക്ഷണം ചവിട്ടിത്തെറിപ്പിച്ചുവെന്ന തടവുകാരന്റെ മൊഴിയിലും പൊരുത്തക്കേടുളളതായി കോടതി വിലയിരുത്തി. ഭക്ഷണമല്ല, വെളളമാണ് തട്ടിത്തെറിപ്പിച്ചതെന്ന് ഹരജിക്കാരൻ പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു. എങ്കിലും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!