കോഴിക്കോട്ട് സ്ട്രോങ് റൂം തുറന്നെന്ന് ആരോപണം; പോളിങ് രേഖകൾ സൂക്ഷിച്ച മുറിയാണ് തുറന്നതെന്ന് വിശദീകരണം
കോഴിക്കോട്: വോട്ടിങ് മെഷീൻ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നെന്ന് ആരോപണം. കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്നാണ് യുഡിഎഫിന്റെ ആരോപണം. സ്ട്രോങ് റൂം നേരിട്ട് പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥികൾ ആവശ്യപ്പെട്ടു.
സ്ഥാനാർഥികളുടെ അറിവോടുകൂടിയല്ല മുറി തുറന്നതെന്ന് യുഡിഎഫ് ആരോപിച്ചു. ‘കൃത്യമായ നോട്ടീസ് ഇല്ലാതെ മുറി തുറക്കാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് തുറക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ അതനുസരിച്ച് ചെയ്യാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതുണ്ടായില്ല’, പേരാമ്പ്ര യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ പറഞ്ഞു.
‘സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. അട്ടിമറി ശ്രമമാണ് നടന്നത്. ഈ പ്രദേശം പൂർണമായും ബിഎസ്എഫിന്റെ സുരക്ഷയിലാക്കണം. സ്ട്രോങ് റൂമിന്റെ പരിസരത്തുള്ള സ്പെയർ റൂം പൂർണമായും അടച്ചുപൂട്ടണം’, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ‘സ്ട്രോങ് റൂമിന് സമീപത്തെ മുറി തുറന്നതിൽ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ട്. മെറ്റീരിയൽ സൂക്ഷിക്കേണ്ടത് സ്ട്രോങ്ങ് റൂമിന് അടുത്തല്ല. കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സംസ്ഥാന സർക്കാർ ജീവനക്കാരും കേരള പോലീസും കയറി. അതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം’, യുഡിഎഫ് ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ തള്ളി. സ്ട്രോങ് റൂം തുറന്നെന്ന വാർത്ത തെറ്റെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ പറഞ്ഞു. സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നതെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ വിശദീകരിച്ചു. സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകൾ സൂക്ഷിച്ച മുറിയാണ് തുറന്നത്. വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്നും റിട്ടേണിങ് ഓഫീസർ പറയുന്നു.
